ഗോകുലത്തിന് സ്‍പാനിഷ് പരിശീലകൻ; ബാഴ്സലോണക്കാരൻ ഫ്രാൻസെസ് ബോണറ്റിനെ നിയമിച്ചു

കോഴിക്കോട്: ഗോകുലം കേരള എഫ്.സിയെ ഇനി സ്പെയിൻകാരനായ ഫ്രാൻസെസ് ബോണറ്റ് പരിശീലിപ്പിക്കും. കാമറൂൺകാരനായ റിച്ചാർഡ് തോവയെ പുറത്താക്കിയതിനു പിന്നാലെയാണ് രാജസ്ഥാൻ യുനൈറ്റഡിന്റെ മുൻപരിശീലകനായ ഫ്രാൻസെസ് ബോണറ്റിനെ കോച്ചായി ഗോകുലം നിയമിച്ചത്.

29കാരനായ ഫ്രാൻസെസ് ബോണറ്റ് സ്പെയിനിലെ ബാഴ്സലോണ സ്വദേശിയാണ്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിച്ച രാജസ്ഥാൻ ആറാം സ്ഥാനത്തായിരുന്നു. സ്പാനിഷ് ക്ലബുകളായ എഫ്‌.സി മാർട്ടിനെൻക്, സി.ഇ.എൽ ഹോസ്പിറ്റലറ്റ്, യു.ഡി പാർക്ക്, സി.എഫ് അൽമോഗവർസ് എന്നിവയുടെ പരിശീലകനായി തുടങ്ങിയ ബോണറ്റ് ബാഴ്സ അക്കാദമിയിലും പരിശീലകനായി പ്രവർത്തിച്ചു. രാജസ്ഥാൻ യുനൈറ്റഡ് വിട്ട ശേഷം ബോണറ്റ് ഗ്വാട്ടിമാലൻ ക്ലബ്ബായ സാന്താ ലൂസിയ കോട്സുമാൽഗുപായിൽ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചു. രണ്ടു ദിവസത്തിനകം ബോണറ്റ് ഗോകുലത്തിന്റെ കോഴിക്കോട്ടെ ക്യാമ്പിൽ ചേരും.

ഗോകുലത്തിനൊപ്പം പുതിയ ചരിത്രം സൃഷ്ടിക്കാനാവുമെന്നു കരുതുന്നതായി കരാർ ഒപ്പിട്ട ശേഷം ഫ്രാൻസ് ബോണറ്റ് പറഞ്ഞു. നിലവിൽ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലത്തിന്റെ ശൈലിയായ ആക്രമണത്തിൽനിന്ന് ടീമിനെ പ്രതിരോധത്തിലൂന്നിയ ശൈലിയിലേക്ക് മാറ്റിയതിനാണ് റിച്ചാർഡ് തോവയെ പുറത്താക്കി പുതിയ കോച്ചിനെ കണ്ടെത്തിയത്. ഐ ലീഗിൽ നിലവിൽ നാലാം സ്ഥാനത്താണ് ഗോകുലം.

ഒമ്പതു കളികളിൽനിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ടു ജയവുമായി 15 പോയന്റാണ് ഗോകുലത്തിന്. ഒമ്പതു കളികളിൽനിന്ന് 19 പോയന്റുള്ള ശ്രീനിധി ഡക്കാനാണ് മുന്നിൽ. പുതിയ പരിശീലകന്റെ കീഴിൽ ടീം ശക്തമായി തിരിച്ചുവരുമെന്ന് ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ പറഞ്ഞു.

Tags:    
News Summary - Spanish coach for Gokulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.