കൊച്ചി: മൂന്ന് മത്സരങ്ങളിൽ ഒരു ജയവും രണ്ടു സമനിലയുമുള്ള തിരുവനന്തപുരം കൊമ്പൻസ്; മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും രണ്ടു സമനിലയുമുള്ള ഫോഴ്സ കൊച്ചി... രണ്ടു ടീമുകളും വെള്ളിയാഴ്ച പരസ്പരം കൊച്ചിയിൽ നേർക്കുനേരെയെത്തുമ്പോൾ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകലോകം. സൂപ്പർ ലീഗ് കേരളയിലെ നാലാം റൗണ്ടിലെ അവസാന മത്സരമാണ് വെള്ളിയാഴ്ച വൈകീട്ട് 7.30ന് കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറുക.
സൂപ്പർലീഗ് കേരളയുടെ അരങ്ങേറ്റ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ദയനീയമായി പരാജയപ്പെട്ടതിനുപിന്നാലെ തുടർച്ചയായ രണ്ട് സമനിലയും ഫോഴ്സയുടെ ആരാധകരുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ചിരുന്നു. ഈ തിരിച്ചടിയിൽനിന്നൊരു തിരിച്ചുവരവുണ്ടാകണമെങ്കിൽ, ലീഗിലെ ആദ്യജയം സ്വന്തമാക്കണമെങ്കിൽ ഇന്ന് കളിക്കളത്തിൽ ഫോഴ്സക്ക് മരണക്കളി കളിക്കേണ്ടി വരും.
ഇതുവരെ നടന്ന കളികളിൽ പുറത്തെടുത്ത തന്ത്രങ്ങൾ പരാജയപ്പെട്ട സ്ഥിതിക്ക് പോർചുഗീസ് പരിശീലകൻ മരിയോ ലെമോസും ശിഷ്യരും ഇത്തവണ മാറ്റിപ്പിടിക്കുമെന്നുറപ്പാണ്. തുണീഷ്യൻ അന്താരാഷ്ട്ര താരം മുഹമ്മദ് നിദാൽ, ഐവറി കോസ്റ്റിൽ നിന്നുള്ള ജീൻ ബാപിസ്റ്റെ, ദക്ഷിണാഫ്രിക്കക്കാരൻ സിയാൻഡ ഗുമ്പോ എന്നിവരുൾപ്പെടെ ആഫ്രിക്കൻ കരുത്തിൽ സമ്പന്നമാണ് ടീം. കൂടാതെ, കൊളംബിയൻ താരം ലൂയിസ് റോഡ്രിഗ്സ്, ബ്രസീൽ താരം റാഫേൽ അഗസ്റ്റോ തുടങ്ങിയവരും ഫോഴ്സക്ക് ബൂട്ടണിയുന്നു. സന്തോഷ് ട്രോഫി താരങ്ങളായ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ആസിഫ്, നൗഫൽ, അജയ് അലക്സ് എന്നിവരും ടീമിന് കരുത്താവും.
സെപ്റ്റംബർ ഏഴിന് നടന്ന സൂപ്പർ ലീഗ് കേരളയുടെ പ്രഥമ മത്സരത്തിൽ കൊച്ചിയുടെ ഹോം ഗ്രൗണ്ടിൽ മലപ്പുറം എഫ്.സിയാണ് ടീമിനെ നിലംപരിശാക്കിയത്. രണ്ടാം റൗണ്ടിൽ കണ്ണൂരുമായും മൂന്നാം റൗണ്ടിൽ കാലിക്കറ്റുമായും സമനിലയിൽ പരിഞ്ഞു. നിലവിൽ രണ്ട് പോയൻറുമായി ആറ് ടീമുകളുള്ള റാങ്ക് പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് കൊച്ചി.
തോൽവിയറിഞ്ഞിട്ടില്ലെങ്കിലും ലീഗിൽ അഞ്ചു പോയൻറുകളോടെ മൂന്നാംസ്ഥാനത്താണ് തിരുവനന്തപുരം കൊമ്പൻസ് എഫ്.സി. റാങ്കിങ്ങിൽ മുന്നേറാൻ വെള്ളിയാഴ്ചത്തെ വിജയം അനിവാര്യമാണ്. സെപ്റ്റംബർ 10ന് കാലിക്കറ്റ് എഫ്.സിയുമായി അവരുടെ തട്ടകത്തിൽ നടന്ന ആദ്യ ഏറ്റുമുട്ടലിൽ ഒരു ഗോൾ വീതം നേടിയാണ് കൊമ്പൻസ് സമനില പിടിച്ചത്. രണ്ടാംമത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപിച്ച് കൊമ്പന്മാർ വമ്പുകാട്ടി. എന്നാൽ, മൂന്നാം മത്സരത്തിൽ ജയം ആവർത്തിച്ചില്ല. പകരം വീണ്ടും സമനിലയിൽ കടന്നുകൂടി.
സ്വന്തം തട്ടകത്തിൽ ലീഗിലെ മുൻനിരക്കാരായ കണ്ണൂർ വാര്യേഴ്സ് എഫ്.സിയുമായാണ് 1-1ന് സമനില പിടിച്ചത്. അവസാന കളിയിൽ കൊമ്പന്മാരുടെ നായകൻ പാട്രിക് മോത്ത ചുവപ്പുകാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയാണ്. പ്രതികൂല സാഹചര്യത്തിൽ പുതിയ തന്ത്രങ്ങളുമായി വരാനാണ് കോച്ച് സെർജിയോ അലക്സാണ്ട്രേയുടെ നീക്കം.
കോച്ചും ക്യാപ്റ്റനും പുറമെ ബ്രസീലിയൻ ഫുട്ബാളിന്റെ മാന്ത്രിക സ്പർശമുള്ള വേറെയും താരങ്ങൾ കൊമ്പന്മാരുടെ ടീമിലുണ്ട്. ഡവി കൂൻ, ഔതമർ ബിസ്പോ, മാർക്കോസ് വീൽഡർ, റിനാൻ ജനാരിയോ, ഗോൾകീപ്പർ മിഷേൽ അമേരിക്കോ എന്നിവരാണിവർ.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഐ.എസ്.എൽ മത്സരങ്ങൾക്ക് ശേഷമാണ് കലൂർ സ്റ്റേഡിയം വീണ്ടും സൂപ്പർ ലീഗ് കേരളക്കായി വേദിയാവുന്നത്. നഗരത്തിലെ കാണികൾക്കൊപ്പം സൂപ്പർ ലീഗ് കേരളക്ക് വേദിയല്ലാത്ത തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരും സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.