രണ്ടാം സെമിയിലും പെനാൽറ്റി വിധി നിർണയിച്ചപ്പോൾ ടെർ സ്റ്റീഗൻ എന്ന ഗോൾകീപിങ് മാന്ത്രികന്റെ കരുത്തിൽ ബാഴ്സലോണ സൂപർ കപ്പ് ഫൈനലിൽ. ആദ്യ 90 മിനിറ്റിൽ ഓരോ ഗോളടിച്ചും അധിക സമയത്ത് 2-2നും സമനില പാലിച്ചതിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിലാണ് റയൽ ബെറ്റിസ് പ്രതീക്ഷകളെ ചാമ്പലാക്കി ബാഴ്സ കാവൽക്കാരൻ കളിയിലെ നായകനായത്.
അസാധ്യ സേവുകളുമായി ഗാലറിയെ ആവേശം കൊള്ളിച്ച് ഇരു ഗോളികളും നിറഞ്ഞുനിന്ന കളിയിൽ ആദ്യം സ്കോർ ചെയ്തത് ബാഴ്സക്കായി റോബർട്ട് ലെവൻഡോവ്സ്കി. അനായാസ ടച്ചിൽ പന്ത് വലയിലെത്തിയതോടെ ആവേശം ഇരട്ടിയാക്കി ബാഴ്സ ആക്രമണം കനപ്പിച്ചു. പലവട്ടം എതിർമുഖത്ത് നിറഞ്ഞുനിന്ന ബാഴ്സ നിരയെ ഞെട്ടിച്ച് അവസാന മിനിറ്റുകളിൽ റയൽ ബെറ്റിസ് തിരിച്ചടിച്ചു. നബീൽ ഫകീറായിരുന്നു മനോഹര നീക്കത്തിനൊടുവിൽ വല കുലുക്കിയത്. അധിക സമയത്തേക്ക് നീണ്ട കളിയിൽ പ്രതിഭാസ്പർശമുള്ള ഷോട്ടിൽ പന്ത് വലക്കണ്ണികളിലെത്തിച്ച് കൗമാര താരം അൻസു ഫാറ്റി വീണ്ടും ബാഴ്സക്ക് ലീഡ് നൽകി. എന്നാൽ, വൈകാതെ ലോറൻ മോറോൺ റയൽ ബെറ്റിസിനെ വീണ്ടും ഒപ്പമെത്തിച്ചു.
ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ ബെറ്റിസിന്റെ യുവാൻമി, വില്യം കാർവാലോ എന്നിവരുടെ ഷോട്ടുകളാണ് പറന്നുചാടി ടെർ സ്റ്റീഗൻ കുത്തിയിട്ടത്. നിർണായകമായ നാലാം ഷോട്ട് ഗോളാക്കി പെഡ്രി ബാഴ്സയെ കിരീടപ്പോരാട്ടത്തിലെത്തിച്ചു.
റയൽ മഡ്രിഡാണ് ഫൈനലിൽ ബാഴ്സക്ക് എതിരാളി. പെനാൽറ്റി ഷൂട്ടൗട്ടിൽ വലൻസിയയെ മറികടന്നാണ് റയലും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ബെൻസേമയായിരുന്നു റയലിനായി വല കുലുക്കിയത്.
ഒരു കളിയിലെ വിലക്കു കഴിഞ്ഞ് തിരിച്ചെത്തിയ ലെവൻഡോവ്സ്കിക്കൊപ്പം മുന്നിൽ ഉസ്മാൻ ഡെംബലെയും അൻസു ഫാറ്റിയും നിറഞ്ഞാടിയപ്പോൾ അക്ഷരാർഥത്തിൽ ബാഴ്സക്കായിരുന്നു മേൽക്കൈ. എന്നാൽ, ലക്ഷ്യം കാണുന്നതിൽ പിഴച്ച നീക്കങ്ങളും വലക്കു മുന്നിൽ അസാധ്യ വഴക്കവുമായി നിന്ന ബെറ്റിസ് ഗോളി ക്ലോഡിയോ ബ്രാവോയും ചേർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു. കളി അധിക സമയം കഴിയുംവരെ ബെറ്റിസ് ഗോളിയുടെതായിരുന്നെങ്കിൽ ഷൂട്ടൗട്ടിൽ ആ ദൗത്യം 30കാരനായ ടെർ സ്റ്റീഗൻ ഏറ്റെടുത്തു. ആദ്യ ഷോട്ടുകൾ ഇരു വലകളിലുമെത്തിയെങ്കിലും രണ്ടെണ്ണം തുടർച്ചയായി ടെർ സ്റ്റീഗൻ തടുത്തിട്ടതോടെ കളി തീരുമാനമായി.
അതിനിടെ, ഒന്നിലേറെ ഗോളുകൾ ‘വാറി’ൽ കുടുങ്ങി നിഷേധിക്കപ്പെട്ടതും നിരാശയായി. ഫാറ്റിയുടെ മനോഹരമായ നീക്കങ്ങൾ പലതും വരുംനാളുകളിൽ താരത്തിന്റെ സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസത്തിന്റെ സൂചനയായി. ഓരോ ടച്ചിലും കണ്ണഞ്ചും സ്പർശവുമായി ഇളമുറക്കാരൻ മുന്നിൽ പറന്നുനടന്നപ്പോൾ ഏതുനിമിഷവും ബെറ്റിസ് വല കുലുങ്ങുമെന്നായി. ഷൂട്ടൗട്ടിൽ ബാഴ്സയടിച്ച ഒരു ഷോട്ടു പോലും ലക്ഷ്യം തെറ്റാത്തതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.