സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ. ഗ്രൂപ്പ് എച്ച് മത്സരത്തിൽ പോർചുഗീസ് ക്ലബ് എഫ്.സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് ബാഴ്സ അവസാന പതിനാറിലെത്തിയത്. ഒരു ഗോളിന് പിന്നിൽനിന്നശേഷമാണ് സ്വന്തം മൈതാനത്ത് ബാഴ്സ ജയം പിടിച്ചുവാങ്ങിയത്.
ബാഴ്സക്കായി ജാവോ കാൻസെലോ (32ാം മിനിറ്റിൽ), ജാവോ ഫെലിക്സ് (57ാം മിനിറ്റിൽ) എന്നിവരാണ് ഗോൾ നേടിയത്. പോർട്ടോയുടെ ആശ്വാസ ഗോൾ ബ്രസീൽ വിങ്ങർ ഗബ്രിയേൽ അക്വിനോ കോസ്സയുടെ (പെപ്പെ -30ാം മിനിറ്റിൽ) വകയായിരുന്നു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറിലാണ് ഒരു വർഷത്തെ വായ്പ കരാറിൽ പോർചുഗീസ് താരങ്ങളായ ഫെലിക്സും കാൻസലോയും ഇത്തവണ ബാഴ്സക്കൊപ്പം ചേർന്നത്.
മത്സരം തുടങ്ങി അര മണിക്കൂറാകുമ്പോൾ സന്ദർശകർ ലീഡ് എടുക്കുന്നതാണ് കണ്ടത്. ബാഴ്സ ഗോളി പെന തട്ടിയകറ്റിയ റീബൗണ്ട് പന്ത് അക്വിനോ വലയിലെത്തിക്കുയായിരുന്നു. എന്നാൽ, സന്ദർശകരുടെ ആനന്ദത്തിന് അധികം ആയുസ്സുണ്ടായില്ല. പെഡ്രിയുടെ അസിസ്റ്റിലൂടെ കാൻസെലോ ബാഴ്സയുടെ സമനില ഗോൾ കണ്ടെത്തി. ക്ലബിനായി താരത്തിന്‍റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്.
കാൻസെലോയാണ് ടീമിന്‍റെ വിജയ ഗോളിന് വഴിയൊരുക്കിയതും. മത്സരത്തിൽ നിരവധി മികച്ച അവസരങ്ങൾ ലഭിച്ച ഫെലിക്സിന്‍റെ വകയായിരുന്നു ഗോൾ. ജയത്തോടെ ബാഴ്സക്ക് അഞ്ചു മത്സരങ്ങളിൽനിന്ന് 12 പോയന്‍റായി. രണ്ടാമതുള്ള പോർട്ടോക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് ഒമ്പത് പോയന്‍റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.