ദോഹ: സീസണിലെ ലോകഫുട്ബാളിലെ മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്. ദോഹയിൽ നടന്ന പുരസ്കാര ചടങ്ങിലാണ് 2024ലെ മികച്ച താരമായി 24കാരനായ താരത്തെ തെരഞ്ഞെടുത്തത്. 11 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, റയൽ മഡ്രിഡിന്റെ കിലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട് എന്നിവരെ പിന്തള്ളിയാണ് വിനീഷ്യസ് കരിയറിൽ ആദ്യമായി ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് അവകാശിയായത്.
മികച്ച വനിതാ താരത്തിനുള്ള അവാർഡ് ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൻമാതി സ്വന്തമാക്കി. ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അയലാന്ദ്രോ ഗർണാച്ചോ എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ നേടിയ ഗോൾ സ്വന്തമാക്കി. വനിതാ വിഭാഗത്തിലെ മികച്ച ഗോളിനായി ഏർപ്പെടുത്തിയ പ്രഥമ ‘ഫിഫ മാർത പുരസ്കാരം’ മാർത തന്നെ സ്വന്തമാക്കി മറ്റൊരു ചരിത്രവും കുറിച്ചു. ബ്രസീൽ കുപ്പായത്തിൽ ജമൈകക്കെതിരെ നേടിയ ഗോളാണ് പുരസ്കാരത്തിന് അർഹമായത്.
ബുധനാഴ്ച ഖത്തറിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ മത്സരത്തിന് മുന്നോടിയായാണ് ദോഹ ആസ്പയർ അകാദമിയിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഓൺലൈൻ വഴിയായിരുന്നു പ്രഖ്യാപനം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, മുൻ ലോക ഫുട്ബാൾ താരങ്ങളായ ബെബറ്റോ, ലോതർ മതേവുസ്, പെപെ, ജിയാൻലൂയിജി ബുഫൺ, ആഴ്സൻ വെങ്ങർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.