വീണ്ടും തോറ്റു, അമോറിം വന്നിട്ടും രക്ഷയില്ലാതെ യുനൈറ്റഡ്; ഒരു മാറ്റവുമില്ലാതെ സിറ്റി

ലണ്ടൻ: പതിവ് പോലെ മാഞ്ച്സറ്റർ യുനൈറ്റഡ് തോറ്റു. പ്രീമിയർ ലീഗിൽ ഇത്തവണ വോൾവ്സിനോട് രണ്ടുഗോളിനാണ് കീഴടങ്ങിയത്. റാഷ്ഫോഡിനെ ഇന്നും പുറത്തിറത്തിരുത്തി തന്ത്രങ്ങൾ മെനഞ്ഞ പുതിയ ആശാൻ അമോറിമിനും രക്ഷിക്കാനാവില്ല യുനൈറ്റഡിനെ എന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.

ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ലെങ്കിലും 47ാം മിനിറ്റിൽ നായകൻ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടതാണ് യുനൈറ്റഡിന് വലിയ തിരിച്ചടിയായത്. പത്ത് പേരായി ചുരുങ്ങിയ യുനൈറ്റഡിന്റെ പോസ്റ്റിലേക്ക് 58ാം മിനിറ്റിൽ വോൾവ്സ് ആദ്യ നിറയൊഴിച്ചു. മാത്യൂസ് കുനയാണ് ഗോൾ നേടിയത്. അന്തിമവിസിലിന് തൊട്ടുമുൻപ് ഹാങ് ഹീ ചാൻ നേടിയ ഗോളിലൂടെ വോൾവ്സ് രണ്ട് ഗോളിന്റെ വ്യക്തമായ ആധിപത്യത്തോടെ ജയമുറപ്പിച്ചു. 22 പോയിന്റുള്ള യുനൈറ്റഡ് ലീഗിൽ 14ാം സ്ഥാനത്താണ്.   


പുതിയ സീസണിൽ പൊടുന്നനെ കളി മറുന്നപോയ മാഞ്ചസ്റ്റർ സിറ്റി ഓർമവീണ്ടെടുക്കാനുള്ള ശ്രമം മാസങ്ങൾ പിന്നിട്ടിട്ടും ഫലം കണ്ടില്ല. പ്രീമിയർ ലീഗിൽ എവർട്ടനോട് 1-1ന് സമനില വഴങ്ങിയത് തന്നെ ആശ്വാസം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിലൂടെ സിറ്റി മുന്നിലെത്തിയെങ്കിലും 36ാം മിനിറ്റിൽ എവർട്ടൻ മറുപടി നൽകി(1-1).

അറ്റാക്കിങ് മിഡ്ഫീൽഡറായ ഇലിമാൻ എൻഡിയായാണ് ഗോൾ നേടിയത്. നിരവിധ തവണ എവർട്ടൻ ഗോൾമുഖത്ത് പന്തുമായി വട്ടമിട്ട പെപ്പയുടെ കുട്ടികൾക്ക് പിന്നീട് ഒരണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 18 മത്സരങ്ങൾ പൂർത്തിയാക്കിയ പ്രീമിയർ ലീഗ് മുൻ വമ്പന്മാർ 28 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആസ്റ്റൺ വില്ലയെ തകർത്തു. 

Tags:    
News Summary - Wolves 2–0 Manchester United, Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.