പാരിസ്: ഫ്രഞ്ച് ഓപണിൽ ഞായറാഴ്ച പുരുഷ സിംഗ്ൾസ് ഫൈനലിൽ നൊവാക് ദ്യോകോവിച് നോർവേക്കാരനായ കാസ്പർ റൂഡിനെതിരെ ചരിത്രത്തിലേക്ക് റാക്കറ്റേന്തുന്നു. ഇന്ന് ജയിച്ചാൽ സെർബിയൻ ഇതിഹാസത്തിന് സ്വന്തമാവുന്നത് 23ാം ഗ്രാൻഡ്സ്ലാം കിരീടം. നിലവിൽ 22 എണ്ണവുമായി സ്പാനിഷ് താരം റാഫേൽ നദാലിനൊപ്പം ഒന്നാം സ്ഥാനവും റെക്കോഡും പങ്കിടുകയാണ് ദ്യോകോ. കരിയറിന്റെ അവസാന നാളുകളിൽ നിൽക്കുന്ന നദാലിനെ മറികടക്കാനായാൽ ഒരുപക്ഷേ ഈ ചരിത്രം ദ്യോകോവിചിന് ഇനി വിട്ടുകൊടുക്കേണ്ടിവരില്ല.
ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കാർലോസ് അൽകാരസിനെ തോൽപിച്ചാണ് ദ്യോകോ 34ാം ഗ്രാൻഡ്സ്ലാം ഫൈനലിന് ടിക്കറ്റെടുത്തത്. ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ മറികടന്ന് റൂഡുമെത്തി. കഴിഞ്ഞ വർഷവും റൂഡ് ഫ്രഞ്ച് ഓപൺ ഫൈനലിലുണ്ടായിരുന്നെങ്കിലും നദാലിനോട് തോൽക്കുകയായിരുന്നു. 24കാരനായ നോർവീജിയനെതിരെ ഏകപക്ഷീയ മുന്നേറ്റമാണ് മുൻകാലങ്ങളിൽ ദ്യോകോ നടത്തിയത്.
നാലിൽ നാലു മത്സരങ്ങളും ദ്യോകോ ജയിച്ചെന്നു മാത്രമല്ല, ഒരു സെറ്റുപോലും നേടാനായിട്ടില്ല റൂഡിന്. ‘‘അനുഭവസമ്പത്ത് എനിക്കൊപ്പമാണ്. പക്ഷേ, അതുകൊണ്ട് ജയിക്കാനാവുമെന്ന് കരുതുന്നില്ല. ഒരു നീണ്ട പോരാട്ടത്തിന് തയാറെടുക്കുകയാണ്. ഫൈനൽ ജയിച്ചാൽ നമുക്ക് ചരിത്രത്തെക്കുറിച്ച് സംസാരിക്കാം’’ -36കാരനായ ദ്യോകോവിച് പറഞ്ഞു.
പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ പോളണ്ട് യുവതാരം ഇഗ സ്വൈറ്റക്കിന് മൂന്നാം കിരീടം. ശനിയാഴ്ച നടന്ന വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയാണ് റോളണ്ട് ഗാരോസിൽ തുടർച്ചയായ രണ്ടാം തവണയും ഇഗ ജേത്രിയായത്.
സ്കോർ: 6-2, 5-7, 6-4. ആദ്യ സെറ്റ് മികച്ച വ്യത്യാസത്തിൽ പിടിച്ച ലോക ഒന്നാം നമ്പറുകാരിക്കെതിരെ രണ്ടാമത്തേതിൽ മുച്ചോവ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ കണ്ടത് ഇഞ്ചോടിഞ്ച് പോര്. 2020ലും ഇഗ ആയിരുന്നു ഫ്രഞ്ച് ഓപൺ ചാമ്പ്യൻ. 2022ലെ യു.എസ് ഓപണും ചേർന്നാൽ കരിയറിലെ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നാലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.