ഗാസി വീണ്ടും ഗസ്സക്കൊപ്പം; കുഞ്ഞുങ്ങൾക്കായി 4.69 കോടി നൽകുമെന്ന് ഡച്ച് ഫുട്ബാൾ താരം

ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി അഞ്ച് ലക്ഷം യൂറോ (4.69 കോടി രൂപ) സംഭാവന നൽകുമെന്ന് ഡച്ച് ഫുട്ബാൾ താരം അൻവർ എൽ ഗാസി. മുൻ ക്ലബ് മെയ്ൻസിൽനിന്ന് ലഭിക്കാനുള്ള പ്രതിഫലത്തിൽനിന്നാണ് ഗാസി ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് സഹായം നൽകുക. ‘ജോർദൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ, ഫലസ്തീൻ സ്വതന്ത്രമാകും’ എന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് 2023 ഒക്ടോബറിൽ ജർമൻ ക്ലബ് താരത്തെ പുറത്താക്കിയിരുന്നു.

സമൂഹ മാധ്യമമായ എക്സിലൂടെയാണ് പണം ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് സംഭാവന ചെയ്യുന്ന കാര്യം താരം അറിയിച്ചത്. ‘രണ്ട് കാര്യങ്ങൾക്ക് മെയിൻസിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള വലിയ സാമ്പത്തിക പ്രതിഫലത്തിനാണ് ആദ്യത്തേത്. അതിൽ അഞ്ച് ലക്ഷം യൂറോ ഗസ്സയിലെ കുട്ടികൾക്കുള്ള പദ്ധതികൾക്കായി ഉപയോഗിക്കും. രണ്ടാമതായി, എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചതോടെ ഗസ്സയിലെ അടിച്ചമർത്തപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടി എന്റെ ശബ്ദം കൂടുതൽ ഉച്ചത്തിലാക്കിയതിനാണ്’ -താരം കുറിച്ചു.

ഫലസ്തീൻ അനുകൂല പോസ്റ്റിന്റെ പേരിൽ നവംബർ രണ്ടിനാണ് 29കാരനുമായുള്ള കരാർ മെയ്ൻസ് റദ്ദാക്കിയത്. ക്ലബിന്റേത് തെറ്റായ നടപടിയാണെന്ന് വിലയിരുത്തിയ ജർമൻ ലേബർ ​കോടതി, പ്രതിമാസ ശമ്പളം 1,50,000 യൂറോ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. നിയമനടപടികൾ തുടരുന്നതിനിടെയാണ് ഗാസിയുടെ സഹായ പ്രഖ്യാപനം.

നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കും എവര്‍ട്ടണിനും വേണ്ടി കളിച്ച അൻവർ എൽ ഗാസി കഴിഞ്ഞ ജൂലൈ മുതൽ ഇംഗ്ലണ്ടിലെ കാർഡിഫ് സിറ്റി താരമാണ്. മൊറോക്കന്‍ വംശജനായ ഗാസി രണ്ട് മത്സരങ്ങളിൽ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

Tags:    
News Summary - Ghazi again with Gaza; The Dutch football star will give five lakh euros to children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.