മലപ്പുറം: സർക്കാർ സർവിസിൽ സ്പോർട്സ് ക്വോട്ടയിൽ ജോലിക്ക് അപേക്ഷിച്ചിട്ടും നൽകാത്തതിനെതിരെ തുറന്നടിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും. നിരവധി തവണ ജോലിയുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയിട്ടും ഓഫിസുകൾ കയറിയിറങ്ങിയിട്ടും അധികൃതർ ഓരോ കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നുവെന്ന് ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ, കേരള പൊലീസ് താരവുമായ യു. ഷറഫലിക്കെതിരെയാണ് കുറിപ്പിലെ പ്രധാന ആരോപണം. നിരവധി തവണ ജോലിയുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ ഓരോ കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നുവെന്ന് റിനോ ‘മാധ്യമ’ത്തോട് പറഞ്ഞു. 31ാം വയസ്സിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ പൊലീസിൽനിന്ന് തനിക്ക് ജോലി നൽകാൻ കഴിയില്ലെന്ന് കാണിച്ച് കത്ത് ലഭിച്ചതായി അനസ് പറഞ്ഞു. ഹവിൽദാർ തസ്തികക്കുപോലും അംഗീകരിക്കാൻ കഴിയാത്ത കളിക്കാരനാണ് എന്നാണ് റിപ്പോർട്ട് വന്നത്. അത്രക്ക് മോശമായ കളിക്കാരനാണോ താനെന്നും അദ്ദേഹം ചോദിച്ചു. റിനോക്കും അനസിനും പിന്തുണയുമായി ആഷിഖ് കുരുണിയനടക്കമുള്ള കളിക്കാരും രംഗത്തെത്തി. അനസും റിനോയും ചേർന്നെഴുതിയ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ:
സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പറയുന്നത് കേൾക്കുകയായിരുന്നു, ഗവൺമെന്റിന്റെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റ് മനസ്സിലാക്കി അത് തിരുത്താനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം ഞങ്ങളെ കുറ്റപ്പെടുത്താൻ മാത്രം അദ്ദേഹം ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹംകൂടി ഭാഗമായിരിക്കുന്ന ഗവൺമെൻറിനുകൂടി നാണക്കേടാക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. അദ്ദേഹം പറയുന്നത് ഞങ്ങൾ അപേക്ഷ അയക്കാൻ വിരമിക്കുന്നതുവരെ കാത്തുനിന്നതാണ് ജോലികിട്ടാൻ തടസ്സം എന്നും കളിച്ചു കൊണ്ടിരിക്കുമ്പോൾ അപേക്ഷ അയച്ചിരുന്നെങ്കിൽ മുന്നേതന്നെ ജോലി കിട്ടിയിട്ടുണ്ടാവുമായിരുന്നു എന്നുമാണ്. 2015 തൊട്ട് 2019 വരെയുള്ള കായികതാരങ്ങളുടെ അപേക്ഷയാണ് 2020ൽ ഗവൺമെൻറ് വിളിച്ചത്, അതിലേക്കാണ് ഞങ്ങൾ അപേക്ഷ സമർപ്പിച്ചതും. 2015, 2016, 2017, 2018, 2019 വർഷങ്ങളിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല. 2015, 2016, 2017, 2018, 2019 വർഷങ്ങളിലെ ജോലിക്കാണ് ഞങ്ങൾ അപേക്ഷിച്ചത്. ഈ വർഷങ്ങളിൽ ഏതിലെങ്കിലും ഞങ്ങളെക്കാൾ മികച്ച താരങ്ങൾ അപേക്ഷകരുടെ പട്ടികയിൽ ഉണ്ടെങ്കിൽ അവരെ ജോലി നൽകി ആദരിക്കണം. എന്തിനാണ് ഞങ്ങളെ കളത്തിനു പുറത്തുനിർത്തി റെഡ് കാർഡ് കാണിക്കുന്നത്.
ഈ പറയുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അടക്കം സ്പോർട്സ് ക്വോട്ടയിൽ ജോലി കിട്ടിയിട്ടുള്ള ആളല്ലേ? അദ്ദേഹം കളിക്കുന്ന സമയത്ത് ഒട്ടനവധി എണ്ണം പറഞ്ഞ ടീമുകളും ടൂർണമെന്റുകളും കേരളത്തിലുണ്ടായിരുന്നു. അതിൽ പല ടീമുകളും ഐ ലീഗ് കളിച്ചിരുന്നു. സന്തോഷ് ട്രോഫി വളരെ വലിയ ടൂർണമെൻറായിരുന്നു. നാഷനൽ ടീമിലേക്ക് സെലക്ഷൻ ലഭിക്കാൻ സന്തോഷ് ട്രോഫിയോ ഈ ടീമുകളിൽ ഏതെങ്കിലുമൊക്കെയോ കളിച്ചാൽ മതിയായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കളിക്കാർക്ക് ജോലിയുടെകൂടെതന്നെ നാഷനൽ ടീമിൽ കളിക്കാനുള്ള സൗകര്യവും കേരളത്തിലുണ്ടായിരുന്നു. ഇന്നതല്ല അവസ്ഥ, കാര്യങ്ങൾ കുറച്ചുകൂടി പ്രഫഷനലായി. ഇന്ന് നാഷനൽ ടീമിലെത്താൻ ഏതെങ്കിലും ഐ.എസ്.എൽ ടീമിൽ കളിക്കണം. പൈസ ഉണ്ടാക്കുന്നതിലുമുപരി നാഷനൽ ടീമിലെത്തിപ്പെടാൻ പ്രഫഷനൽ ടീമുകളിൽ കളിക്കാൻ കളിക്കാർ നിർബന്ധിതരാകുന്നു. സാർ എല്ലാകാലത്തും നമ്മൾ കൂടുതൽ മെച്ചപ്പെട്ട മത്സരങ്ങൾ കളിക്കാനല്ലേ ശ്രമിക്കുക. നമ്മുടെ ഉള്ളു തുടിക്കുന്നത് അതൊന്നിനു മാത്രമല്ലേ. ഞങ്ങൾ തെറ്റെന്താണു ചെയ്തത്? ഇന്ത്യയിൽ ലഭ്യമായ സൗകര്യങ്ങളിലൂടെ കാൽപന്തു തട്ടിയതാണോ? കൂടുതൽ മെച്ചപ്പെട്ട മത്സരങ്ങൾ കളിച്ചതാണോ?
ഇന്ത്യക്കുവേണ്ടി കളിക്കണം, സന്തോഷ് ട്രോഫി വിജയികളാകണം, യൂനിവേഴ്സിറ്റി ജയിക്കണം എന്നുള്ളതൊക്കെ മാനദണ്ഡങ്ങളായി വെച്ചിരിക്കുന്നത് അർഹതയുള്ളവനെ അംഗീകരിക്കാൻകൂടിയാണല്ലോ. ഗവൺമെൻറ് നിയമമനുസരിച്ച് കായികതാരങ്ങൾക്കു 36 വയസ്സ് വരെ സ്പോർട്സ് ക്വോട്ടയിൽ ജോലിക്കായി അപേക്ഷിക്കാം. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഞങ്ങൾ പ്രഫഷനൽ കളിച്ചോ വിരമിച്ചോ എന്നുള്ളതൊക്കെ എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്? നിങ്ങൾക്ക് കിട്ടാത്ത അവസരങ്ങൾ മറ്റുള്ളവർക്ക് കിട്ടുന്നതിലുള്ള അസൂയ അല്ലാതെന്താണിത്? ഇനിയിപ്പോ പ്രഫഷനൽ കളിച്ചതും വിരമിക്കാനായതുമാണ് ഞങ്ങളുടെ പ്രശ്നമെങ്കിൽ കിട്ടിയ ജോലി രാജിവെച്ച് പുറത്തുപോയി പ്രഫഷനൽ ഫുട്ബാൾ കളിച്ചുകഴിഞ്ഞ് വിരമിച്ചതിനു ശേഷം കേരള പൊലീസിൽ ജോലിക്കു ചേർന്ന കളിക്കാരുണ്ടല്ലോ. അത് എങ്ങനെയാണ്? അന്ന് പ്രസിഡന്റ് കേരള പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നില്ലേ? മാനദണ്ഡങ്ങളിൽ പ്രശ്നങ്ങളുണ്ടെന്നു പ്രസിഡൻറ് പറയുന്നുണ്ട്, അതുതന്നെയാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രസിഡന്റിനു മനസ്സിലായത് ഇപ്പോഴാണെന്നു മാത്രം. മാനദണ്ഡങ്ങൾ ആരുണ്ടാക്കുന്നു എന്നുള്ളതാണ് ചോദ്യം. തുടക്കത്തിൽ സ്പോർട്സ് കൗൺസിൽ അല്ല, പൊതുഭരണവകുപ്പാണ് മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിന് ഉത്തരവാദികളെന്നു പറഞ്ഞ് തടിതപ്പാൻ ശ്രമിച്ച പ്രസിഡൻറ് ഇന്ന് അതു തിരുത്തി ഉത്തരവാദിത്തം ഏറ്റെടുത്തതുതന്നെ ആശ്വാസം -കുറിപ്പ് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.