പനാജി: ഗോവയിൽ പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. ഗോവൻ നഗരമായ കാലൻഗുട്ടെയിലാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്. പുതിയ തലമുറക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് പ്രതിമ സ്ഥാപിച്ചത് എന്നായിരുന്നു ഗോവൻ സർക്കാറിന്‍റെ പ്രതികരണം.
ഗോവ ഭരിച്ചിരുന്ന മുൻ കൊളോണിയൽ ശക്തിയിൽനിന്നുള്ള താരത്തെ ആദരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ കരിങ്കൊടിയുമാെയത്തിയവർ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. ഒരു ഇന്ത്യൻ കായിക താരത്തെ പ്രതിമ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തില്ലെന്ന് അവർ ആരോപിച്ചു.
റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത് വേദനാജനകവും പോർച്ചുഗീസ് ഭരണത്തിന്‍റെ ഹാങ്ഓവറിന്‍റെ ഫലമാണെന്നും ഗോവയിലെ മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരം മിക്കി ഫെർണാണ്ടസ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. പക്ഷേ നമുക്ക് ഗോവയിൽനിന്നുള്ള ഒരു ഫുട്ബാൾ കളിക്കാരന്‍റെ പ്രതിമ വേണം -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുവതലമുറക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചതെന്നും ഫുട്ബാൾ കളിച്ചുതുടങ്ങുന്ന കുട്ടിത്താരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും ഗോവൻ മന്ത്രിയും ബി.ജെ.പി നേതാവുമായ മൈക്കിൽ ലോബോ പറഞ്ഞു.
ഗോവയിൽ മികച്ച ഗ്രൗണ്ടും ഫുട്ബാൾ സ്റ്റേഡിയവുമെല്ലാം പണിയും. ഏറെ കഴിവുള്ള താരങ്ങളുണ്ട്. അവർക്ക് നല്ല രീതിയിൽ പരിശീലനം നൽകിയാൽ ഇന്ത്യയിൽനിന്നും ഒരു റൊണാൾഡോ പിറക്കും -മന്ത്രി കൂട്ടിച്ചേർത്തു.
12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗോവൻ സർക്കാർ റൊണാൾഡോ പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതലേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.