പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനുമായ പി.ആർ. ശ്രീജേഷ്. സമൂഹ മാധ്യമത്തിലൂടെയാണ് മലയാളി താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 18 വർഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമാകുന്നത്.
‘അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ പടിയിൽ നിൽക്കുമ്പോൾ, എന്റെ ഹൃദയം നന്ദി കൊണ്ട് വീർപ്പുമുട്ടുന്നു. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയതിന്റെ തുടക്കവുമാണ്. ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിനെ നയിക്കാനായത് വാക്കുകൾക്കതീതമായ ബഹുമതിയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ഞാൻ എക്കാലവും വിലമതിക്കുന്ന അംഗീകാരമാണ്. 2020ലെ ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ഒരു സ്വപ്നമായിരുന്നു’ -വിരമിക്കൽ അറിയിച്ചുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2006ൽ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ രാജ്യത്തിന്റെ വല കാത്തു. 2020ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്ന 36കാരൻ നാലാം ഒളിമ്പിക്സിനാണ് പാരിസിലേക്ക് തിരിക്കുന്നത്. രണ്ടുതവണ ഏഷ്യൻ ഗെയിൽസിൽ സ്വർണം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്ന ശ്രീജേഷ് രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും പങ്കാളിയായി. രാജ്യത്തെ മികച്ച കായിക താരത്തിനുള്ള ഖേൽ രത്ന പുരസ്കാരവും തേടിയെത്തിയിരുന്നു.
സ്വിറ്റ്സർലൻഡിലെ പരിശീലനത്തിന് ശേഷം ശ്രീജേഷ് അടങ്ങിയ ഇന്ത്യൻ ഹോക്കി ടീം പാരിസിലെത്തിയിട്ടുണ്ട്. ഒളിമ്പിക്സിൽ ജൂലൈ 27ന് ന്യൂസിലാൻഡിനെതിരെയാണ് ആദ്യ മത്സരം. 29ന് അർജന്റീനയുമായും 30ന് അയർലൻഡുമായും ആഗസ്റ്റ് ഒന്നിന് ബെൽജിയവുമായും രണ്ടിന് ആസ്ട്രേലിയയുമായും ഇന്ത്യക്ക് മത്സരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.