അരീക്കോട്: വീടുകളിൽനിന്ന് ശേഖരിച്ച പാഴ്വസ്തുക്കൾ ഉപയോഗിച്ച് യുവാവിന്റെ കരവിരുതിൽ വിരിഞ്ഞത് അർജന്റീന താരം ലയണൽ മെസിയുടെ കൂറ്റൻ രൂപം. ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശി മുഹമ്മദ് ഫായിസാണ് റീസൈക്കിൾ ആർട്ടിലൂടെ ഇൻസ്റ്റലേഷൻ തയാറാക്കിയത്. ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി മൊറയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമസേനക്കും ഗ്രീൻ വോംസിനും വേണ്ടിയാണ് ഫായിസ് ഇൻസ്റ്റലേഷൻ ചിത്രം നിർമിച്ചത്.
പഞ്ചായത്തിലെ വീടുകളിൽനിന്ന് ഹരിത കർമ സേനാംഗങ്ങൾ ശേഖരിച്ച പാഴ്വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് നിർമാണം. 12 അടി നീളത്തിലും എട്ടടി വീതിയിലുമുള്ള ചിത്രത്തിന്റെ നിർമാണം ഒരാഴ്ച കൊണ്ടാണ് പൂർത്തിയാക്കിയത്. വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പ്, ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, പെൻ ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം.
വെള്ള നിറത്തിലുള്ള ബോർഡിൽ ലയണൽ മെസിയുടെ ചിത്രം വരച്ച് അതിൽ പാഴ്വസ്തുക്കൾ ഒട്ടിക്കുകയാണ് നിർമാണ രീതി. കോഴിക്കോട് ഫൈൻ ആർട്സ് കോളജിൽ പഠനം പൂർത്തിയാക്കിയ ഫായിസ് മഹാത്മാ ഗാന്ധി, ഉൾപ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ഇതിനകം നിർമിച്ചിട്ടുണ്ട്. ഇൻസ്റ്റലേഷൻ മൊറയൂരിൽ നടന്ന പരിപാടിയിൽ പി. ഉബൈദുല്ല എം.എൽ.എ നാടിന് സമർപ്പിച്ചു. മികച്ച പ്രതികരണമാണ് എല്ലാവരിൽനിന്നും ലഭിക്കുന്നതെന്നും വളരെയധികം സന്തോഷമുണ്ടെന്നും ഫായിസ് പറഞ്ഞു. കല്ലരട്ടിക്കൽ സ്വദേശി മുഹമ്മദലി -സുബൈദ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.