കൊച്ചി: അന്താരാഷ്ട്ര മത്സരത്തിൽ ഒന്നാമതെത്തിയ പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് താരം, ബിസിനസുകാരി, രണ്ട് പെൺകുട്ടികളുടെ മാതാവ്... വിശേഷണങ്ങൾ ഒരുപാടാണ് ലിബാസ് സാദിഖ് എന്ന കൊച്ചിക്കാരിക്ക്. ഇന്ത്യൻ മാസ്റ്റേഴ്സ് െവയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പഞ്ചാബിലെ ലുധിയാനയിൽ സംഘടിപ്പിച്ച പ്രഥമ ദേശീയ മാസ്റ്റേഴ്സ് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തി, സിംഗപ്പൂരിൽ നടക്കുന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലേക്കു കൂടി യോഗ്യത നേടിയിരിക്കുന്നു ലിബാസ്.
വെയ്റ്റ്ലിഫ്റ്റിങിൽ ഒളിമ്പിക്സിൽ മെഡൽ നേടുകയെന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ലിബാസിന് ഓരോ മത്സരവും. ഒളിമ്പിക്സിൽ 30 വയസ്സ് കഴിഞ്ഞവർക്കുള്ള മാസ്റ്റേഴ്സ് വിഭാഗത്തിെൻറ മത്സരമില്ലാത്തതിനാൽ സീനിയേഴ്സ് ഇനത്തിൽ പരിശീലിച്ചാണ് 2024ലെ ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്. നേരത്തേ കസാഖ്സ്താനിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓപൺ വിഭാഗം സ്ക്വാട്ട് വിഭാഗത്തിൽ ഒന്നാമതെത്തിയിട്ടുണ്ട് ലിബാസ്. ലോക ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പങ്കെടുക്കാനായില്ല. പവർലിഫ്റ്റിങ് ഒളിമ്പിക്സ് ഇനമല്ലാത്തതിനാൽ വെയ്റ്റ് ലിഫ്റ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2022ൽ നടക്കുന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ദേശീയതല പരിശീലകനും തെൻറ ഗുരുവുമായ ഗോപാലകൃഷ്ണനും ലുധിയാനയിലെ ചാമ്പ്യൻഷിപ്പിൽ 81 കിലോ കാറ്റഗറിയിൽ ഒന്നാമതെത്തിയിരുന്നു. ലിബാസിേൻറത് 76 കിലോ വിഭാഗമാണ്. കോച്ചിനൊപ്പം ഒന്നാമതെത്തിയതിെൻറ സന്തോഷവും അവർ മറച്ചുവെക്കുന്നില്ല.
നിത്യേന നാലുമണിക്കൂറാണ് പരിശീലനം. അന്താരാഷ്ട്ര മത്സരത്തിന് ഇതു പോരെന്നും പഞ്ചാബിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രക്കിടെ ലിബാസ് പറയുന്നു. സ്വദേശമായ തൊടുപുഴയിലെ കോളജിൽ പഠിക്കുന്ന കാലത്താണ് ഭാരമുയർത്തലിെൻറ ലോകത്തെത്തുന്നത്. പലതവണ പവർലിഫ്റ്റിൽ ദേശീയചാമ്പ്യനായി. 21ാം വയസ്സിൽ സിനിമ നിർമാതാവും ബിസിനസുകാരനുമായ സാദിഖ് അലിയെ വിവാഹം ചെയ്ത് കൊച്ചിയിലെത്തിയതോടെ ഭാരോദ്വഹനവും പവർ ലിഫ്റ്റിങുമെല്ലാം പതിയെ ഉപേക്ഷിച്ചെങ്കിലും മക്കൾ വലുതായതോടെ കുടുംബത്തിെൻറ സ്നേഹ നിർബന്ധത്തിന് വഴങ്ങി വീണ്ടും കളത്തിലിറങ്ങുകയായിരുന്നു. ഭർത്താവും മക്കളായ ഹന്ന ഫാത്തിമയും റിദ മിനാലും 'കട്ടസപ്പോർട്ടു'മായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.