പാരിസ്: ഒളിമ്പിക്സിൽ ഉശിരൻ ജയവുമായി അമൻ സെഹ്റാവത്ത് സെമിയിൽ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൽബേനിയയുടെ മുൻ ലോകചാമ്പ്യൻ സെലിംഖാൻ അബകറോവിനെ 12–0ത്തിന് മലർത്തിയടിച്ചാണ് അമന്റെ സെമി പ്രവേശനം.
മാസിഡോണിയയുടെ വ്ലാഡിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് 21കാരൻ ക്വാർട്ടറിൽ കടന്നിരുന്നത്. ഒരു വിജയം കൂടി നേടിയാൽ ഇന്ത്യക്ക് ഈയിനത്തിൽ മെഡലുറപ്പിക്കാം. രാത്രി 9.45ന് നടക്കുന്ന സെമി പോരാട്ടത്തിൽ ടോപ് സീഡ് ജപ്പാന്റെ റെയ് ഹിഗൂച്ചിയാണ് എതിരാളി.
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ അമൻ സെഹ്റാവത്തിന്റെ ആദ്യ ഒളിമ്പിക്സാണിത്. ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ ഗുസ്തി താരം കൂടിയാണ് അമൻ.
അതേസമയം, വനിതാ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക് പ്രീക്വാർട്ടറിൽ തോറ്റു. യു.എസ്.എ താരം ഹെലനോടാണ് അൻഷുവിന്റെ തോൽവി. അതേസമയം, സ്വർണ പ്രതീക്ഷയുമായി ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും വെങ്കല മെഡലിനായി ഇന്ത്യൻ ഹോക്കി ടീമും ഇന്നിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.