മഞ്ചേരി (മലപ്പുറം): അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച കായികമന്ത്രി വി. അബ്ദുറഹ്മാന്റെ നടപടിയെ പരോക്ഷമായി വിമർശിച്ചും നിലവിലെ സാഹചര്യങ്ങൾ തുറന്നുകാട്ടിയും ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ നടത്തിയ പ്രസ്താവന ചർച്ചയാവുന്നു. അർജന്റീനയെ കൊണ്ടുവരാൻ കോടികൾ ചെലവാക്കുന്നതിനു പകരം പരിശീലന ഗ്രൗണ്ടുകൾ തയാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിനു നൽകിയ അഭിമുഖത്തിൽ ആഷിഖ് ചൂണ്ടിക്കാട്ടി. സ്വന്തം നാടായ മലപ്പുറത്തെ അസൗകര്യങ്ങൾ എടുത്തുപറഞ്ഞാണ് താരം തുറന്നടിച്ചത്. കായികമന്ത്രിയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമെല്ലാം മലപ്പുറം ജില്ലക്കാരായിരിക്കെ ആഷിഖിന്റെ വാക്കുകൾക്ക് ഗൗരവവും പ്രസക്തിയുമേറുകയാണ്.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പന്തിനു പിന്നാലെ പായുന്ന ജില്ലയിൽ രണ്ടു സ്റ്റേഡിയങ്ങൾ മാത്രമാണുള്ളത്. പയ്യനാട് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും. ഇതാകട്ടെ ടൂർണമെൻറുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് തുറന്നുകൊടുക്കുക. ദേശീയ താരങ്ങൾക്കുപോലും പരിശീലനത്തിന് മറ്റു ടർഫുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഈ ദുരവസ്ഥയാണ് ആഷിഖ് ചൂണ്ടിക്കാട്ടിയത്. നിലവിലെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സി. ജാബിർ, അനസ് എടത്തൊടിക, മഷൂർ ശരീഫ് തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ താരങ്ങൾ ജില്ലയിൽനിന്ന് രാജ്യത്തിനായി പന്തുതട്ടിയിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തിന്റെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിലും (ഐ.എസ്.എൽ) കളിക്കുന്നവരും ഏറെയാണ്. എന്നാൽ, ഇവർക്കു വേണ്ട സൗകര്യങ്ങളൊന്നുംതന്നെ ഇവിടെയില്ല. പയ്യനാട് സ്റ്റേഡിയം താരങ്ങൾക്ക് പരിശീലനത്തിന് നൽകാറില്ല. സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കു മാത്രമാണ് ലഭിക്കുക. കോട്ടപ്പടി സ്റ്റേഡിയത്തിലും ഇതുതന്നെ അവസ്ഥ. മുക്കിലും മൂലയിലും സെവൻസ് മൈതാനങ്ങൾ ഉണ്ടെങ്കിലും പ്രഫഷനൽ താരങ്ങൾക്ക് ഇത് മതിയാകില്ല. ഇതിന് പരിഹാരം വേണമെന്നാണ് ആഷിഖ് ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയെങ്കിൽ മാത്രമേ അത് കളിക്കാരുടെ നിലവാരത്തിലും പ്രകടമാകൂ. സംസ്ഥാനത്തിന്റെ മൊത്തം ചിത്രമെടുത്താലും ഇതുതന്നെ അവസ്ഥ. സ്റ്റേഡിയങ്ങൾ ഏറെ ഉണ്ടെങ്കിലും തുറന്നുകിട്ടാൻ അധികൃതരുടെ കനിവുകൂടി വേണ്ടിവരും. കായിക പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ചുരുക്കം. ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി, ഐ ലീഗ്, സൂപ്പർ കപ്പ് തുടങ്ങി ഒട്ടേറെ ദേശീയ ടൂർണമെൻറുകൾക്ക് മലപ്പുറം വേദിയായിട്ടുണ്ട്. എന്നാൽ, ഈ സമയത്തെല്ലാം ടീമുകൾക്ക് പരിശീലനത്തിനായി കോഴിക്കോട് ജില്ലയിലെ സ്റ്റേഡിയങ്ങളെയാണ് ആശ്രയിക്കാറുള്ളത്.
എട്ടു വർഷത്തോളം തിരിഞ്ഞുനോക്കാനാളില്ലാതെ കാടുമൂടിയ നിലയിൽക്കിടന്ന പയ്യനാട് സ്റ്റേഡിയം 2022ലെ സന്തോഷ് ട്രോഫി ഫുട്ബാളിന്റെ സമയത്ത് നവീകരിക്കുകയായിരുന്നു. ടൂർണമെന്റ് ഇല്ലെങ്കിൽ പരിപാലനം ഇല്ലെന്നതാണ് മലപ്പുറത്തെ മൈതാനങ്ങളുടെ അവസ്ഥ. മൈതാനങ്ങൾ ഉള്ളിടത്തു നിന്നേ താരങ്ങൾ വളർന്നുവരൂ. പയ്യനാട് സ്പോർട്സ് കോംപ്ലക്സിൽ 25 ഏക്കറിലധികം ഭൂമിയുണ്ട്. ഇവിടെ പരിശീലന മൈതാനം ഒരുക്കിയാൽ ഭാവി തലമുറക്കെങ്കിലും ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.