ഖേൽരത്ന പുരസ്കാരത്തിന് അപേക്ഷ സമർപ്പിച്ചതിൽ പിഴവുണ്ടായെന്ന് മനു ഭാക്കർ

ന്യൂഡൽഹി: ഖേൽരത്ന പുരസ്കാരത്തിന്റെ നോമിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ചത് ഇന്ത്യൻ ഷൂട്ടർ മനു ഭാക്കർ. രാജ്യത്തിനായി കളിക്കുകയെന്നതാണ് തന്റെ ചുമതല​യെന്നും പുരസ്കാരങ്ങൾ നേടുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും മനുഭാക്കർ പറഞ്ഞു.

അവാർഡുകളും പുരസ്കാരങ്ങളും ലഭിക്കുന്നത് പ്രചോദനകരമാണ്. പക്ഷേ അതൊരിക്കലും തന്റെ ലക്ഷ്യമല്ല. ഖേൽരത്ന പുര​സ്കാരത്തിനായി നോമിനേഷൻ സമർപ്പിച്ചതിൽ ചില പിഴവുകൾ ഉണ്ടായിട്ടുണ്ട്. അത് തന്റെ വ്യക്തിപരമായ പിഴവാണെന്നാണ് കരുതുന്നതെന്നും മനുഭാക്കർ പറഞ്ഞു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് വി.രാമസുബ്രമണ്യം ഉൾപ്പെടുന്ന 12 അംഗ സമിതി മനു ഭാക്കറിനെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിരുന്നില്ല. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പാരഅത്‍ലറ്റിക് പ്രവീൺ കുമാർ എന്നിവരെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യുകയും ചെയ്തിരുന്നു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഷൂട്ടിങ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മനു ഭാക്കറെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ കായികമന്ത്രാലയം മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് മനു ഭാക്കറെ കൂടി ഖേല്‍രത്നക്ക് ശിപാര്‍ശ ചെയ്തേക്കുമെന്ന് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മനു ഭാക്കറെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാതിരുന്ന സംഭവത്തെ കുറിച്ച് കായികമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമതീരുമാനം സ്വീകരിക്കുക

പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്സ്ഡ് വിഭാഗത്തില്‍ സരബ്ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി.

Tags:    
News Summary - Don't speculate, awards not my goal: Manu Bhaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.