ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസ് വനിത വിഭാഗം 45 കിലോ ഭാരോദ്വഹനത്തിൽ കേരളത്തിനായി സ്വർണം നേടുന്ന സുഫ്ന ജാസ്മിൻ -മുസ്തഫ അബൂബക്കർ
38ാമത് ദേശീയ ഗെയിംസിൽ പ്രതീക്ഷാഭാരം പൊന്നാക്കി ഉയർത്തിയ സുഫ്ന ജാസ്മിന് പിന്നാലെ ഹർഷിത ജയറാം സ്വർണ മെഡൽ നീന്തിയെടുക്കുക കൂടി ചെയ്തതോടെ കേരളത്തിന് സന്തോഷദിനം. രാവിലെ വനിത ഭാരദ്വഹനം 45 കിലോയിലായിരുന്നു സുഫ്നയുടെ പ്രകടനം. വൈകുന്നേരം വനിതകളുടെ നീന്തൽ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും ജേതാവായി. കഴിഞ്ഞ ദിവസം നീന്തലിൽ സാജൻ പ്രകാശ് നേടിയ ഇരട്ട മെഡലും ചേരുമ്പോൾ കേരളത്തിന്റെ അക്കൗണ്ടിൽ രണ്ടുവീതം സ്വർണവും വെങ്കലവും.
ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് ഭാരദ്വഹനത്തിൽ കേരളം സ്വർണം നേടുന്നത്.
സ്നാച്ചില്‍ 72 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 87 കിലോയും ഉയര്‍ത്തി സുഫ്ന ഒന്നാമതെത്തി. 150 ഗ്രാം അധികഭാരം കുറക്കാൻ മുടിമുറിക്കേണ്ടി വന്ന സുഫ്ന വെല്ലുവിളികളെ സന്തോഷത്തോടെ അതിജീവിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലക ചിത്ര ചന്ദ്രമോഹനാണ് 22 കാരിയായ സുഫ്നയുടെ പരിശീലക. കഴിഞ്ഞ സീനിയര്‍ ചാമ്പ്യൻഷിപ്പിൽ സ്നാച്ചില്‍ 76 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 94 കിലോയും ഉയര്‍ത്തി സുഫ്ന ദേശീയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. തൃശൂർ മരോട്ടിച്ചാൽ പരവരഗത്ത് വീട്ടില്‍ സലീമാണ് പിതാവ്. ഖദീജ മാതവും തസ്ലീമയും സുല്‍ഫിയയും സഹോദരങ്ങളുമാണ്. ഈ ഇനത്തിൽ മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി.
ഹൽദ്വാനി: ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളിൽ മണിപ്പൂരിനെ ഒറ്റ ഗോളിന് തോൽപിച്ച് കേരളം തുടങ്ങി. ആദിമധ്യാന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ അവസാന ചിരി കേരളത്തിന്റേതായിരുന്നു. 54ാം മിനിറ്റിൽ മിഡ്ഫീൽഡർ ബിബിൻ ബോബൻ വിജയ ഗോൾ നേടി. കരുത്തരായ സർവിസസും ഡൽഹിയുമടങ്ങുന്ന ബി ഗ്രൂപ്പിലെ ജയം കേരളത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ശനിയാഴ്ച ഡൽഹിയെയും തിങ്കളാഴ്ച സർവിസസിനെയും നേരിടാനുണ്ട്.
ദേശീയ ഗെയിംസ് ഫുട്ബാളിലെ കേരളം -മണിപ്പൂർ മത്സരത്തിൽനിന്ന്
ഇരുടീമും കട്ടക്ക് നിന്ന ആദ്യ പകുതിയിൽ നേരിയ മുൻതൂക്കം കേരളത്തിനായിരുന്നു. 25ാം മിനിറ്റിൽ ബബിൽ സിവേറിക്കും 30ൽ എസ്. ഗോകുലിനും സുവർണാവസരങ്ങൾ. പിന്നാലെ മണിപ്പൂർ താരം പെബം സിങ്ങിന്റെ ഉഗ്രൻ ഹെഡ്ഡർ കേരള ഗോളി അൽകേഷ് രാജ് തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തി. 38, 39 മിനിറ്റുകളിലും ഗോൾ പോസ്റ്റൽ അൽകേഷിന്റെ തകർപ്പൻ പ്രകടനങ്ങൾ. പ്രതിരോധനിരയിൽ സഫ് വാൻ മേമനയും എസ്. സന്ദീപും അവസരത്തിനൊത്തുയരുക കൂടി ചെയ്തതോടെ മണിപ്പൂർ താരങ്ങൾ കുഴങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിലും കേരള മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് ഹൽദ്വാനി ജില്ല സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷിയായി.
51ാം മിനിറ്റിൽ മണിപ്പൂർ ലീഡ് പിടിച്ചെന്നുറപ്പിച്ച നിമിഷം ശ്രാങ്തം സിങ്ങിന്റെ അടി ഗോൾവരക്ക് സമാന്തരമായി പുറത്തേക്ക്. 54ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പോസ്റ്റിലേക്ക് വന്ന ബിജേഷ് ബാലന്റെ കിക്കിന് ബിബിൻ തലവെച്ചതോടെ കേരളം മുന്നിൽ. ഗോൾ വീണതോടെ മുറിവേറ്റ മണിപ്പൂർ കേരളത്തെ വെള്ളംകുടിപ്പിക്കുന്നതാണ് കണ്ടത്. അവർ തലങ്ങും വിലങ്ങും ആക്രമണം അഴിച്ചുവിട്ടപ്പോൾ ഗോൾ അകന്നുനിന്നത് ഭാഗ്യത്തിന്. 66, 69 മിനിറ്റുകളിലെല്ലാം കേരളം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഗോളി അൽകേഷിന്റെ മികവും തുണയായി. ഇടക്ക് മണിപ്പൂരിന്റെ പെനാൽറ്റി അപ്പീലിനെയും കേരളം അതിജീവിച്ചു. 12 മിനിറ്റ് ആഡ് ഓൺ ടൈമിലും മണിപ്പൂർ സമനിലക്കായി പോരാടി.
ദേശീയ ഗെയിംസിലെ വനിത ബീച്ച് ഹാന്‍ഡ്ബാളില്‍ കേരളം ഫൈനലില്‍. സെമി ഫൈനലില്‍ അസമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം മെഡലുറപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദേശീയ ഗെയിംസിലാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ പകുതിയിലും ജയം നേടി. കേരളത്തിനുവേണ്ടി അശ്വതി 12 ഉം അല്‍ഫോന്‍സ 10 ഉം പോയന്റ് വീതം നേടി. പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയ മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഐശ്വര്യ രക്ഷകയായി.
വനിതകളുടെ 5x5 ബാസ്കറ്റ്ബാളില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളം ഒരു മത്സരം ബാക്കി നില്‍ക്കെ കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. ആതിഥേയരായ ഉത്തരാഖണ്ഡിനെ 90-40 ന് ആണ് തോല്‍പ്പിച്ചത്. 14 പോയന്റുമായി പി.എസ്. ജീന ടോപ് സ്കോററായി. സൂസന് ഫ്ളോറന്റീന 11ഉം ശ്രീ കലയും ജയലക്ഷ്മിയും 10 പോയന്റ് വീതവും നേടി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെ കേരളം നേരിടും.
കനത്ത വെല്ലുവിളിക്കൊടുവിലാണ് നീന്തലിൽ ഹർഷിത സ്വർണക്കര പിടിച്ചത്. രണ്ട് മിനിറ്റ് 42.38 സെക്കൻഡ് സമയത്തിലായിരുന്നു നേട്ടം.
കഴിഞ്ഞ ദേശീയ ഗെയിംസിലും ഈ ഇനത്തിൽ സ്വർണമുണ്ടായിരുന്നു. അന്ന് മീറ്റ് റെക്കോഡും നേടി. ഗോവയിൽനിന്ന് രണ്ട് സ്വർണവും ഒരു വെങ്കലവുമായാണ് മടങ്ങിയത്. ഇനി 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലെ മത്സരംകൂടി ബാക്കിയുണ്ട്. അതിൽകൂടി സ്വർണം നേടാൻ കഴിയുമെന്ന് ഹർഷിത പ്രതീക്ഷ പ്രകടിപ്പിച്ചു.
വനിത നീന്തൽ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടുന്ന കേരളത്തിന്റെ ഹർഷിത ജയറാം -
കാലാവസ്ഥ കാര്യമായി ബാധിക്കുമെന്ന് ആശങ്കണ്ടായിരുന്നെങ്കിലും ഇവിടെ പരിശീലനം നടത്താൻ കൂടുതൽ സമയം ലഭിച്ചു. ഫൈനൽ ലാപ്പിൽ ആഞ്ഞുപിടിച്ചതോടെ സ്വർണത്തിലെത്തുകയായിരുന്നു. ഒളിമ്പിക്സ് മെഡൽതന്നെയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. തൃശൂർ സ്വദേശിയായ ഹർഷിത ബംഗളൂരുവിലാണ് താമസം. സൗത്ത് വെസ്റ്റ് റെയിൽവേയിൽ ജോലി ചെയ്യുകയാണ്. കണ്ണൂർ സ്വദേശിയായ ജയരാജിന് കീഴിലാണ് പരിശീലനം.
വനിത, പുരുഷ വോളിബോളിൽ കേരളം വിജയിച്ചു. വനിതകള്‍ തമിഴ്നാടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കും പുരുഷന്മാര് ഹരിയാനയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കും തോല്‍പ്പിച്ചു. പുരുഷന്മാര് ആദ്യ മത്സരത്തില്‍ സര്‍വിസസിനോട് പരാജയപ്പെട്ടിരുന്നു.
പുരുഷ വാട്ടര്‍പോളോയില്‍ കേരള വിജയിച്ചു തുടങ്ങി. എതിരില്ലാത്ത 20 ഗോളിന് മണിപ്പൂരിനെയാണ് തോല്‍പ്പിച്ചത്. പുരുഷ, വനിത വിഭാഗം റഗ്ബിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചെങ്കിലും ഇരുടീമുകളും പുറത്തായി.
പുരുഷന്മാരുടെ ഡ്യൂറത്തലണില് കേരളത്തിന്റെ മുഹമ്മദ് റോഷന് മെഡല്‍ നഷ്ടമായി. നാലാം സ്ഥാനത്താണ് റോഷന് മത്സരം പൂര്‍ത്തിയാക്കിയത്. ചരിത്രത്തില്‍ ആദ്യമായി ആണ് കേരള താരം നാലാമതായി ഫിനിഷ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലിലേക്ക് യോഗ്യത നേടിയ വിധര്ഷ കെ. വിനോദ് ആറാം സ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.