കൊച്ചി: സബ്ജൂനിയർ പെൺകുട്ടികളുടെ ഹർഡിൽസിൽ സ്വർണം നേടിയ പാലക്കാടിന്റെ റൈഹാനയുടെ കണ്ണുകൾ മത്സരശേഷം ഈറനണിഞ്ഞിരുന്നു. എന്തിനാ കരയുന്നതെന്ന് ചോദിച്ചപ്പോൾ ആദ്യം മറുപടിയില്ല. ആ കുഞ്ഞു മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങളിലേക്ക് അവളുടെ വാക്കുകൾ മെല്ലെ പറന്നിറങ്ങി. തനി നാട്ടിൻപുറത്തുകാരിയായ ആ വിദ്യാർഥിനി തന്റെ ജില്ലയിൽ നിന്ന് ഇന്ത്യയുടെ അഭിമാന കായികതാരമായി മാറിയ പി. യു. ചിത്രയെ പോലെയാവണമെന്ന് കുട്ടിക്കാലത്ത് തന്നെ മനസ്സിലുറപ്പിച്ചതാണ്. ‘‘ എനിക്ക് ചിത്ര ചേച്ചിയെ പോലെ ഓടി നാടിനഭിമാനമാവണം ’’ മത്സരശേഷം അവൾ പറഞ്ഞ വാക്കാണിത്. കൊച്ചുകുട്ടിയായപ്പോൾ തന്നെ ചിത്രചേച്ചിയുടെ ഓട്ടം ടി.വിയിൽ കണ്ട് എനിക്കും അങ്ങിനെയൊക്കെ ആകാനാകുമോയെന്ന് ആലോചിക്കുമായിരുന്നു... അവൾ മനസ്സു തുറന്നു. ആ യാത്രയുടെ തുടക്കമാവട്ടെ ഇതെന്ന് എല്ലാവരും പറഞ്ഞപ്പോൾ അവൾക്ക് ഈ മെഡലൊന്നും വെക്കാൻ സ്വന്തമായി ഒരിടം പോലുമില്ലെന്ന കോച്ചിന്റ വാക്ക് എല്ലാവരെയും വേദനിപ്പിച്ചു.
സ്വന്തമായി സ്പൈക്ക് ഇല്ലാത്തതിനാൽ നാട്ടുകാർ പിരിവിട്ടാണ് വാങ്ങി നൽകിയത്. അതിന് സ്വർണമെഡലുകൊണ്ട് നന്ദി പറയണമെന്നും അവളുടെ ആഗ്രഹമായിരുന്നു. ചെറിയ വാഹനത്തിൽ സഞ്ചരിച്ച് പഴങ്ങൾ വിൽക്കുന്ന ജോലിയാണ് പിതാവ് മുസ്തഫക്ക്. മാതാവ് റാബിയക്കും ഉപ്പക്കും അനിയനുമൊപ്പം മുണ്ടൂരിൽ വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടെന്ന വലിയ ആഗ്രഹമുണ്ട്. തന്നിലൂടെ കുടുംബത്തിന് താങ്ങാവാൻ കഴിയണേ എന്ന വലിയ ആഗ്രഹമാണ്. പാലക്കാട് മൂണ്ടൂർ എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് റൈഹാന. എൻ.എസ്. സിജിന്റെ കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.