ദുബൈ: 2020ൽ യു.എ.ഇയിൽ നടന്ന ഐ.പി.എൽ ഫൈനലാണ് വേദി. ഏറ്റുമുട്ടുന്നത് മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും. ഒരറ്റത്ത് അടിച്ചുതകർക്കുന്ന മുംബൈ താരം സൂര്യകുമാർ യാദവിനോട് എന്തോ പറയുന്ന വിരാട് കോഹ്ലിയുടെയും ഇമ ചിമ്മാതെ കോഹ്ലിയെ തുറിച്ചുനോക്കി നെഞ്ചും വിരിച്ചുനിൽക്കുന്ന സൂര്യയുടെയും വിഡിയോ വൈറലായിരുന്നു.
നന്നായി കളിച്ചിട്ടും ഇന്ത്യൻ ടീമിൽ എടുക്കാത്ത വിരാട് കോഹ്ലിക്കുള്ള മറുപടിയാണ് സൂര്യകുമാറിന്റെ നോട്ടമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ. ഇനിയൊരിക്കലും അവൻ ഇന്ത്യൻ ടീമിന്റെ പടികടക്കില്ലെന്നും ക്രിക്കറ്റ് ആരാധകർ വിധിയെഴുതി. തൊട്ടടുത്ത ആസ്ട്രേലിയൻ പര്യടനത്തിലും സൂര്യ പുറത്തിരുന്നതോടെ ഇത് കോഹ്ലിയുടെ പകവീട്ടലാണെന്ന് സോഷ്യൽ മീഡിയ പറഞ്ഞു. പക്ഷേ, അടിമുടി സ്പോർട്സ്മാൻ സ്പിരിറ്റ് മനസ്സിൽ സൂക്ഷിക്കുന്ന വിരാട് കോഹ്ലി നായകനായിരിക്കെ തന്നെ സൂര്യകുമാർ ഇന്ത്യൻ ടീമിൽ ഇടംനേടി. അന്ന് കൊമ്പുകോർത്ത വിരാട് കോഹ്ലിയാണ് രണ്ടു ദിവസം മുമ്പ് അതേ യു.എ.ഇയുടെ മണ്ണിൽ സൂര്യകുമാറിനെ നെഞ്ചിൽ കൈവെച്ച് നമിച്ചത്.
ബുധനാഴ്ച ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ സൂര്യകുമാർ ക്രീസിലെത്തുമ്പോൾ ഇന്ത്യയുടെ സ്കോർ 13 ഓവറിൽ 94 റൺസ് മാത്രമായിരുന്നു. അടുത്ത ഏഴ് ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 98 റൺസ്. ഇതിൽ മുക്കാൽ പങ്കും പിറന്നത് സൂര്യകുമാറിന്റെ ബാറ്റിൽ നിന്നായിരുന്നു. നേരിട്ട 26 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 68 റൺസ്. ഫോമില്ലാത്ത വിരാട് കോഹ്ലിയുടെ തിരിച്ചുവരവ് ഇന്നിങ്സിനെ മുക്കിയ പ്രകടനമായിരുന്നു ഈ 26 പന്തിൽ കണ്ടത്.
സൂര്യയുടെ ഇന്നിങ്സിനെ പുകഴ്ത്തുമ്പോഴും മറ്റ് മുൻനിരക്കാരുടെ ഇഴഞ്ഞുനീങ്ങൽ ചോദ്യചിഹ്നമാകുന്നുണ്ട്. ഹോങ്കോങ്ങിനെ പോലൊരു ടീമിനോട് ഇത്ര മെല്ലെപ്പോക്കാണെങ്കിൽ മറ്റ് ടീമുകളോട് എങ്ങനെ കളിക്കുമെന്നാണ് ചോദ്യം. ആദ്യ പത്ത് ഓവറിൽ 70 റൺസ് മാത്രമാണ് ഇന്ത്യയെടുത്തത്. 39 പന്ത് നേരിട്ട രാഹുൽ 36 റൺസ് മാത്രമാണെടുത്തത്. കോഹ്ലിക്ക് അർധ സെഞ്ച്വറി പിന്നിടാൻ 40 പന്തുകൾ വേണ്ടിവന്നു. ഡെത്ത് ഓവറിലെ ഇന്ത്യൻ ബൗളിങ്ങും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അവസാന രണ്ടോവറിൽ ഇന്ത്യ വഴങ്ങിയത് 33 റൺസാണ്. പാകിസ്താനെതിരായ മത്സരത്തിലും വാലറ്റം അവസാന ഓവറുകളിൽ അടിച്ചുതകർത്തിരുന്നു. ലോകകപ്പ് പടിവാതിക്കൽ നിൽക്കെ ഈ ചോദ്യങ്ങളൊന്നും അപ്രസകത്മാണെന്ന് പറഞ്ഞുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.