കുവൈത്ത് സിറ്റി: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് വീണ്ടും മെഡൽ നേട്ടം. വ്യാഴാഴ്ച കുവൈത്ത് രണ്ടു വെങ്കലം കൂടി നേടി മെഡൽ പട്ടിക ഉയർത്തി. പുരുഷവിഭാഗം ഹാൻഡ്ബാൾ, കരാട്ടേ വിഭാഗത്തിലാണ് കുവൈത്ത് താരങ്ങൾ മികവുപുലർത്തിയത്. ഹാൻഡ്ബാളിൽ മൂന്നാം സ്ഥാനത്തെത്താനായുള്ള മത്സരത്തിൽ ജപ്പാനെ 31-30 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കുവൈത്ത് ദേശീയ ടീമിന്റെ നേട്ടം.
2006 ൽ ഖത്തറിനെ തോൽപിച്ച് ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസിൽ കുവൈത്ത് സ്വർണം നേടിയിരുന്നു. എന്നാൽ പിന്നീട് സെമി പ്രവേശനം നേടാനായില്ല. ഇത്തവണ സെമിയിൽ ഖത്തറിനോട് തോറ്റ കുവൈത്ത് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും മൂന്നാം സ്ഥാനം നേടാനായത് നേട്ടമായി. വ്യാഴാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ വ്യക്തിഗത കരാട്ടേ വിഭാഗത്തിൽ സയ്യിദ് സൽമാൻ അൽ മൂസാവി വെങ്കല മെഡൽ നേടി.
റോഡ് റേസ് സൈക്ലിങ്ങിൽ അബ്ദുൽ ഹാദി അൽ അജ്മി, മൻസൂർ അൽ സുബൈ എന്നിവർ ഫൈനൽ യോഗ്യത നേടി. നേരത്തേ 110 മീറ്റർ ഹർഡിൽസിൽ യാക്കൂബ് അൽ യൂഹ, ഷൂട്ടിങ്ങിൽ അബ്ദുല്ല റാഷിദി എന്നിവർ കുവൈത്തിനായി സ്വർണം നേടി ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ഏഷ്യൻ ഗെയിംസിലെ 110 മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സ്വർണം നേടുന്ന ആദ്യ കുവൈത്ത് പൗരനാണ് യാക്കൂബ് അൽ യൂഹ. ഷൂട്ടിങ്ങിൽ ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനമായിരുന്നു അബ്ദുല്ല റാഷിദിയുടേത്. മൂന്ന് വെള്ളി മെഡലും ഇതിനകം കുവൈത്ത് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.