തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ നടന്ന 51ാമത് ജൂനിയർ അത്ലറ്റിക് മീറ്റിൽ പതിമൂന്നാമതും കിരീടം ചേർത്തുപിടിച്ച് ഐഡിയൽ കടകശ്ശേരി. മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയൻറുമായാണ് ഐഡിയൽ ഓവറോൾ കിരീടം ചൂടിയത്. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയൻറ് നേടി കെ.എച്ച്.എം.എച്ച്.എസ് സ്കൂൾ ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 11 സ്വർണവും 21 വെള്ളിയും 14 വെങ്കലവുമടക്കം 311 പോയൻറുമായി കാവനൂർ സ്പോർട്സ് അക്കാദമിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
169.5 പോയൻറുമായി കെ.എച്ച്.എം.എച്ച്.എസ് വാളക്കുളം നാലാം സ്ഥാനവും 153 പോയൻറുമായി ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ അഞ്ചാം സ്ഥാനവും നേടി. മഞ്ചേരി കാരക്കുന്ന് സ്വദേശിയായ കോച്ച് നദിഷ് ചാക്കോയുടെയും ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിെൻറയും നേതൃത്വത്തിലുള്ള പരിശീലന മികവാണ് കോവിഡിനെ മറികടന്ന ഈ വിജയത്തിന് പിന്നിൽ. സമാപന സമ്മേളനത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, മജീദ് ഐഡിയൽ, കാസിം, സക്കീർ, സ്വർണലത തുടങ്ങിയവർ പങ്കെടുത്തു. മുൻ അത്ലറ്റുകൾക്കും പരിശീലകർക്കും വൈസ് ചാൻസലർ ഉപഹാരങ്ങൾ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.