നീരജ് ചോപ്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക കുറിപ്പുമായി മനു ഭാക്കർ

ന്യൂഡൽഹി: ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിച്ചത് പൊ​ട്ടലുള്ള കൈവിരലുമായാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയുടെ ജാവലിൻ സൂപ്പർ താരം നീരജ് ചോപ്രക്ക് പ്രത്യേക കുറിപ്പുമായി ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ ജേതാവായ മനു ഭാക്കർ.

ഒളിമ്പിക്സിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ നീരജ്, പരിക്കേറ്റ കൈയുമായാണ് മത്സരിച്ചതെങ്കിലും ഡയമണ്ട് ലീഗിൽ ഒരു സെന്‍റിമീറ്ററിന്‍റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ് ഒന്നാമതെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ താരം ഡയമണ്ട് ലീഗിൽ രണ്ടാമതാകുന്നത്. ഒടിഞ്ഞ കൈവിരലുമായാണ് മത്സരിച്ചതെന്ന് ഫൈനലിനു ശേഷം സമൂഹമാധ്യമമായ എക്സിലൂടെ നീരജ് തന്നെയാണ് അറിയിച്ചത്. പരിശീലനത്തിനിടെ നീരജിന്റെ മോതിര വിരലിനാണ് പൊട്ടലേറ്റത്. ഇതിന്റെ എക്സ്റേ ചിത്രവും താരം പങ്കുവെച്ചിരുന്നു. സീസണിലെ അവസാന പോരാട്ടമായിരുന്നതിനാലാണ് പരിക്ക് പോലും അവഗണിച്ച് മത്സരത്തിനിറങ്ങാൻ താരം തീരുമാനിച്ചത്.

വിവരം പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായും ആശംസയുമായും രംഗത്തെത്തിയത്. ‘2024ലെ മികച്ച സീസണിന് നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ. പരിക്കിൽനിന്ന് വേഗത്തിൽ മുക്തനാകാനും വരും വർഷങ്ങളിൽ കൂടുതൽ വിജയങ്ങൾ നേടാനും ആശംസിക്കുന്നു’ -എന്നിങ്ങനെയായിരുന്നു മനു ഭാക്കർ എക്സിൽ കുറിച്ചത്. ഒളിമ്പിക്സിൽ നീരജും മനു ഭാക്കറും ഇന്ത്യക്കായി മെഡൽ നേടിയതിന് പിന്നാലെ ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇത് തള്ളി മനു ഭാക്കർ തന്നെ രംഗത്തെത്തിയിരുന്നു. ഒളിമ്പിക്സ് പോലുള്ള വലിയ ഇവന്‍റുകളിൽ മാത്രമേ തങ്ങൾക്ക് കാണാനുള്ള അവസരങ്ങൾ ലഭിക്കാറുള്ളൂവെന്നും അടുപ്പമാണെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നു പ്രതികരണം.

Tags:    
News Summary - Manu Bhaker with a special note after Neeraj Chopra's revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.