ന്യൂഡൽഹി: 2023 ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മെഡൽ സമ്മാനിച്ച അഭിമാനതാരങ്ങളിൽ നല്ലൊരു ഭാഗവും പിന്നാക്ക സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവന്നവർ. മെഡൽ നേടിയ 256 താരങ്ങളിൽ 62 പേർ കൃഷി നിത്യവൃത്തിയാക്കിയവരുടെയും 40 പേർ കൂലിപ്പണിക്കാരുടെയും മക്കളാണെന്ന് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ പത്രം നടത്തിയ പഠനത്തിൽ കണ്ടെത്തി.
മെഡൽ ജേതാക്കളിൽ 20 ശതമാനം പേരും കായിക ജീവിതം ആരംഭിക്കുമ്പോൾ കുടുംബത്തിന്റെ വാർഷിക വരുമാനം അര ലക്ഷം രൂപയിൽ താഴെയായിരുന്നു. 45 ശതമാനം പേരുടേത് 50,000ത്തിനും അഞ്ചു ലക്ഷത്തിനുമിടയിലും. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി 107 മെഡലുകളാണ് ഇന്ത്യ ഹാങ്ചോയിൽ നേടിയത്. 146 പുരുഷ, 110 വനിത താരങ്ങൾ ചേർന്ന് സമ്മാനിച്ചതാണിവ. മെഡൽ ജേതാക്കളിൽ 78 പേർക്കും ജോലിയില്ല. 23 പേരുടെ വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസോ അതിനു താഴെയോ ആണ്.
പന്ത്രണ്ടാം ക്ലാസാണ് 76 താരങ്ങളുടെ യോഗ്യത. 25 പേർ വീട്ടിലും 34 പേർ പ്രാദേശിക മൈതാനങ്ങളിലും 62 പേർ സ്കൂളിലുമാണ് കായിക ജീവിതം തുടങ്ങിയത്. മൂന്നിലൊന്നു പേരും ഗ്രാമപ്രദേശങ്ങളിൽ ജനിച്ചുവളർന്നവരാണെന്നും പഠനത്തിൽ വ്യക്തമായി. ഇത്തവണത്തെ വനിത-പുരുഷ മെഡൽ ജേതാക്കളുടെ അനുപാതം 43:57 ആണ്. രണ്ടു പതിറ്റാണ്ട് മുമ്പ് 36:64 ആയിരുന്നു. 40:60 ആണ് 2018 ഏഷ്യാഡ് മെഡൽ ജേതാക്കളുടെ വനിത-പുരുഷ അനുപാതം.
അവലംബം: ഇന്ത്യൻ എക്സ് പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.