സൂറിക്: അടുത്ത വർഷം പാരിസ് ഒളിമ്പിക്സിലും അതുകഴിഞ്ഞ് 2025ലെ ലോക ചാമ്പ്യൻഷിപ്പിലും സ്വർണം മാറോടുചേർക്കാനാകും കഠിന ശ്രമമെന്ന് നീരജ് ചോപ്ര. ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ ചൂടിയ ശേഷമായിരുന്നു പ്രതികരണം. ജാവലിൻ ത്രോയിൽ ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും ഒരുപോലെ ഒന്നാമതെത്തുന്ന ലോകത്തെ മൂന്നാമത്തെ താരമായിരുന്നു നീരജ്.
ലോക ചാമ്പ്യൻഷിപ്പിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം പിടിച്ച് നാളുകൾക്ക് ശേഷമാണ് സൂറികിലും മികച്ച പ്രകടനവുമായി നിറഞ്ഞത്. ബുഡപെസ്റ്റിൽ വെങ്കലത്തിലൊതുങ്ങിയിരുന്ന ചെക് റിപ്പബ്ലിക് താരം ജേക്കബ് വാഡ്‍ലിച്ച് സ്വർണം പിടിച്ച കളിയിലാണ് ലോക വേദിയിലെ പ്രകടനത്തിന്റെ നിഴലായി മാറിയ ചോപ്ര രണ്ടാമനായത്. ആദ്യ ഏറിൽ 80.79 മീറ്റർ മാത്രമെറിഞ്ഞ് അഞ്ചാം സ്ഥാനത്തുനിന്ന താരം പിന്നീട് രണ്ടുവട്ടം ഫൗൾ ആയതിനൊടുവിൽ നാലാമത്തെ ഏറിലാണ് 85.22 മീറ്ററുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. അവസാന ശ്രമത്തിൽ വാഡ്‍ലിച്ചിന്റെ സ്വർണദൂരമായ 85.86 മീറ്ററിന് തൊട്ടരികെയെത്തിയെങ്കിലും ചെറിയ വ്യത്യാസത്തിൽ 85.71 മീറ്ററിലൊതുങ്ങി. 85.04 മീറ്റർ എറിഞ്ഞ ജർമനിയുടെ വെബർക്കാണ് വെങ്കലം.
‘‘ഏറെ സന്തോഷമുണ്ട്. ലോക ചാമ്പ്യൻഷിപ്പിനുടൻ ആയതിനാൽ എല്ലാവരും ക്ഷീണിതരായിരുന്നു. അവിടെ നൂറുശതമാനം ശ്രമം പുറത്തെടുത്തിരുന്നു. ഇവിടെ പക്ഷേ, ആരോഗ്യസ്ഥിതി നിലനിർത്തുന്നതിനായിരുന്നു പ്രഥമ പരിഗണന. യുജീനിലും അതുകഴിഞ്ഞ് ഏഷ്യൻ ഗെയിംസിലുമാണ് അടുത്ത ശ്രദ്ധ’’- മത്സരശേഷം നീരജ് പറഞ്ഞു.
മൂന്ന് മത്സരങ്ങളിൽ 23 പോയന്റുമായി സെപ്റ്റംബർ 17ന് നടക്കുന്ന ഡയമണ്ട് ലീഗിലേക്കും നീരജ് യോഗ്യത നേടി. കഴിഞ്ഞ വർഷം ഡയമണ്ട് ലീഗ് ട്രോഫി താരത്തിനായിരുന്നു. നേരത്തേ മേയ് അഞ്ചിന് ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിങ്സിലും ലോസേനിലും വിജയം കുറിച്ചും ശ്രദ്ധേയനായി.
അതേ സമയം, ലോങ് ജംപിൽ കോമൺവെൽത്ത് വെള്ളിമെഡൽ ജേതാവായ ശ്രീശങ്കർ ആദ്യ ചാട്ടത്തിൽ തന്നെ 7.99 മീറ്റർ ചാടി മികച്ച തുടക്കമിട്ടെങ്കിലും അടുത്ത നാലു ശ്രമങ്ങളിലും ആ ദൂരം കടക്കാനായില്ല. 7.96 മീറ്റർ, ഫൗൾ, 7.96 മീറ്റർ and 7.93 മീറ്റർ എന്നിങ്ങനെയായിരുന്നു പിന്നീടുള്ള ചാട്ടങ്ങൾ. ഗ്രീസിന്റെ മിൽറ്റിയാഡിസ് ടെന്റോഗ്ലു 8.20 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ ജമൈക്കയുടെ ടാജെയ് ക്ലാർക്ക് 8.07 മീറ്ററുമായി രണ്ടാമതായി. യു.എസ് താരം ജാരിയർ ലോസൺ 8.05 മീറ്റർ ചാടി വെങ്കല ജേതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.