ബ്രസല്‍സ്: കടുത്ത പോരാട്ടത്തിനൊടുവിൽ ഒരു സെന്‍റിമീറ്ററിന്‍റെ വ്യത്യാസത്തിലാണ് ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രക്ക് ഡയമണ്ട് ലീഗ് ഫൈനലിൽ ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ് ഒന്നാമതെത്തിയത്. 87.86 മീറ്ററാണ് നീരജ് എറിഞ്ഞത്.
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ താരം ഡയമണ്ട് ലീഗിൽ റണ്ണേഴ്സ് അപ്പാകുന്നത്. എന്നാൽ, താരം പരിക്കുപോലും വകവെക്കാതെയാണ് കലാശപ്പോരിൽ മത്സരിക്കാനിറങ്ങിയത്. ഒടിഞ്ഞ കൈവിരലുമായാണ് മത്സരിച്ചതെന്ന് താരം തന്നെയാണ് ഫൈനലിനു ശേഷം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചത്. നീരജിന്റെ മോതിര വിരലിനാണ് പൊട്ടലേറ്റത്. പരിശീലനത്തിനിടെയായിരുന്നു പരിക്ക്. സീസണിലെ അവസാന പോരാട്ടമായിരുന്നതിനാലാണ് പരിക്ക് പോലും അവഗണിച്ച് മത്സരത്തിനിറങ്ങാൻ താരം തീരുമാനിച്ചത്.
‘തിങ്കളാഴ്ച, പരിശീലനത്തിനിടെ എനിക്ക് പരിക്കേറ്റു, എന്‍റെ ഇടതുകൈയിലെ നാലാമത്തെ വിരലിന് ഒടിവുള്ളത് എക്സ്-റേയിൽ കാണാമായിരുന്നു. എനിക്ക് വേദനാജനകമായ വെല്ലുവിളിയായിരുന്നു അത്. എന്നാൽ ടീമിന്‍റെ സഹായത്തോടെ എനിക്ക് ബ്രസൽസിൽ ഫൈനലിൽ പങ്കെടുക്കാനായി’ -നീരജ് എക്സിൽ കുറിച്ചു. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, സീസണിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. പൂർണ ആരോഗ്യവാനായി മടങ്ങിവരുമെന്നും താരം കൂട്ടിച്ചേർത്തു.
ബ്രസല്‍സില്‍ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനാണ് മൂന്നാം സ്ഥാനം. 85.97 മീറ്ററാണ് താരത്തിന്‍റെ ദൂരം. 2022ല്‍ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023ല്‍ രണ്ടാമനായി. പാരീസ് ഒളിമ്പിക്‌സില്‍ നീരജ് വെള്ളി നേടിയിരുന്നു. ഒളിമ്പിക്‌സിലും വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ ഏകതാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.