‘നീരജിന്റെ അമ്മ എന്റെയും അമ്മ, അവർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചു’; നന്ദിയിലൊതുക്കാതെ അർഷാദ് നദീം

ഇസ്‍ലാമാബാദ്: കളത്തിൽ എതിരാളികളായിരിക്കുമ്പോഴും സൗഹൃദം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയവരാണ് ജാവലിൻ താരങ്ങളായ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്റെ അർഷാദ് നദീമും. പാരിസ് ഒളിമ്പിക്സിൽ നീരജിനെ മറികടന്ന് അർഷാദ് ഒളിമ്പിക്സ് റെക്കോഡോടെ സ്വർണമണിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും മാതാപിതാക്കളും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. അർഷാദും തനിക്ക് മകനെ പോലെയാണെന്ന് നീരജിന്റെ മാതാവ് സരോജ് ദേവിയും തിരിച്ച് ഇതേ രീതിയിൽ അർഷദിന്റെ മാതാവ് റസിയ പർവീനും പ്രതികരിച്ചതോടെയാണ് ഇരു അമ്മമാരെയും ലോകം വാഴ്ത്തിയത്.

പാകിസ്താനിൽ തിരിച്ചെത്തിയ നദീം നീരജിന്റെ മാതാവിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ‘നീരജ് ചോപ്രയുടെ അമ്മ എന്റെയും അമ്മയാണ്’ എന്നായിരുന്നു നദീമിന്റെ പ്രതികരണം. ‘ഒരു അമ്മ എല്ലാവർക്കും ഒരു അമ്മയാണ്, അതിനാൽ അവർ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു. നീരജ് ചോപ്രയുടെ അമ്മയോട് ഞാൻ നന്ദിയുള്ളവനാണ്. അവർ എന്റെയും അമ്മയാണ്. അവർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചു, ലോക വേദിയിൽ പ്രകടനം നടത്തിയ ദക്ഷിണേഷ്യയിൽ നിന്നുള്ള രണ്ട് കളിക്കാർ മാത്രമാണ് ഞങ്ങൾ’ -എന്നിങ്ങ​​നെയായിരുന്നു നദീം നാട്ടിലെത്തിയ ശേഷം പാകിസ്താൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാകിസ്താന് വേണ്ടി ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ താരമായി മാറിയ അർഷാദിന് നാട്ടിൽ പ്രൗഢോജ്വല സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിനാളുകളാണ് താരത്തെ വരവേൽക്കാൻ ആർപ്പുവിളികളുമായി എയർപോർട്ടിലെത്തിയത്.

ജാവലിൻ മത്സരം പൂർത്തിയായതിന് പിന്നാലെയാണ് നീരജിന്റെ അമ്മ സരോജ് ദേവിയുടെ ഹൃദ്യമായ പ്രതികരണം വന്നത്. ‘ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയും സ്വർണത്തിന് തുല്യമാണ്. സ്വർണം നേടിയവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കുണ്ടായിരുന്നു, അതിനാൽ ഈ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ തിരിച്ചുവരുമ്പോൾ പ്രിയപ്പെട്ട ഭക്ഷണം ഞാൻ പാകം ചെയതുവെക്കും’ -എന്നിങ്ങനെയായിരുന്നു സരോജ് ദേവി പ്രതികരിച്ചത്.

ഇതിന് പിന്നാലെ അർഷാദിന്റെ മാതാവും സമാന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'നീരജും എനിക്ക് മോനെ പോലെ തന്നെയാണ്. നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ് അവൻ. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ, അവന് ഇനിയും മെഡലുകൾ നേടാന് സാധിക്കട്ടെ. അവർ സഹോദരങ്ങളെ പോലെയാണ്, ഞാൻ നീരജിന് വേണ്ടിയും പ്രാർഥിക്കാറുണ്ട്,' അർഷാദിന്‍റെ അമ്മ പറഞ്ഞു.

2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 35 സെന്റി മീറ്റർ വ്യത്യാസത്തിൽ നീരജ് നദീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണമണിഞ്ഞപ്പോഴും സരോജ ദേവിയു​ടെ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ ഓർത്ത് ഞാൻ സന്തോഷവതിയാണ്’ -എന്നിങ്ങനെയായിരുന്നു സരോജിന്റെ വാക്കുകൾ.

Tags:    
News Summary - 'Neeraj's mother was my mother too, they prayed for us'; Thank you Arshad Nadeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.