രക്ഷകനായി നോഹ അവതരിച്ചു; ബ്ലാസ്റ്റേഴ്സിന് ആവേശ സമനില

ഗുവാഹത്തി: ഐ.എസ്.എൽ സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ പിറകിൽനിന്ന ശേഷം തിരിച്ചടിച്ചാണ് സമനില പിടിച്ചത്. നിറഞ്ഞുകളിച്ച മൊറോക്കക്കാരൻ നോഹ സദൗഇയാണ് മഞ്ഞപ്പടക്ക് സമനില ഗോൾ സമ്മാനിച്ചത്.

ഇരുനിരയും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ ആദ്യപകുതിയിൽ പന്തടക്കത്തിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും കൂടുതൽ അവസരമൊരുക്കിയത് നോർത്ത് ഈസ്റ്റ് ആയിരുന്നു. എന്നാൽ, ഗോളുകളൊന്നും പിറന്നില്ല. 58ാം മിനിറ്റിൽ ആതിഥേയർ ലീഡ് പിടിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സുരേഷിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. നോർത്ത് ഈസ്റ്റിന് അനുകൂലമായി ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ അലേദ്ദീൻ അജരായിയുടെ ഷോട്ട് അത്ര കരുത്തുറ്റതായിരുന്നില്ലെങ്കിലും സുരേഷിന്റെ കൈയിൽനിന്ന് വഴുതി ഗോൾവര കടക്കുകയായിരുന്നു.

ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിനെ തേടി നിരവധി അവസരങ്ങൾ ​എത്തിയെങ്കിലും എതിർ പ്രതിരോധത്തിന്റെ ഇടപെടലുകളും ഫിനിഷിങ്ങിലെ പിഴവുകളും കാരണം മുതലാക്കാനായില്ല. എന്നാൽ, 67ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോളെത്തി. വലതുവിങ്ങിലൂടെ നിരന്തര മുന്നേറ്റം നടത്തിയ നോഹ സദൗഇയുടെ ബൂട്ടിൽനിന്നായിരുന്നു ഗോൾ. ലോങ് പാസ് സ്വീകരിച്ച നോഹ തടയാനെത്തിയ താരങ്ങൾക്കിടയിലൂടെ ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടങ്കാലൻ ഷോട്ട് ഗുർമീതിന് അവസരം നൽകാതെ വലയിൽ കയറുകയായിരുന്നു.

72ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നുള്ള ഹെഡറിൽ നോർത്ത് ഈസ്റ്റ് വീണ്ടും ബ്ലാസ്റ്റേഴ്സ് നെറ്റിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. അഞ്ച് മിനിറ്റിനകം ബ്ലാസ്റ്റേഴ്സിന് ലീഡ് പിടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും വലതു വിങ്ങിൽനിന്നുള്ള മനോഹര ക്രോസ് തൊട്ടുകൊടുത്താൽ മതിയായിരുന്നെങ്കിലും കാത്തുനിന്ന രണ്ടുതാരങ്ങൾക്കും എത്തിപ്പിടിക്കാനായില്ല. നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് ശേഷിക്കെ നോഹ സദൗഇയെ മാരകമായി ഫൗൾ ചെയ്തതിന് ആതിഥേയ താരം അഷീർ അക്തറിന് നേരെ റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചെന്ന് ഉറപ്പിച്ചതായിരുന്നു. എതിർ ഗോൾകീപ്പറെയും കബളിപ്പിച്ച് ഐമൻ മുന്നേറിയെങ്കിലും എതിർ പ്രതിരോധ താരം തട്ടിത്തെറിപ്പിച്ചു. തൊട്ടുടനെ ഗോൾകീപ്പർ ഗുർമീതിന്റെ തകർപ്പൻ സേവും മഞ്ഞപ്പടയുടെ ജയം മുടക്കി.

ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2-1ന് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബം​ഗാളിനെ 2-1ന് തോൽപ്പിച്ചിരുന്നു.

Tags:    
News Summary - Noah appeared as a savior; Exciting draw for Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.