ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ മനു ഭാകറെയും സരബ്ജോത് സിങ്ങിനെയും വെങ്കല മെഡൽ നേട്ടത്തിലേക്ക് നയിച്ച ദേശീയ പിസ്റ്റൾ ഷൂട്ടിങ് പരിശീലകനും മുൻ ഇന്ത്യൻ ഷൂട്ടിങ് താരവുമായ സമരേഷ് ജംഗിന് വീട് പൊളിച്ചുനീക്കൽ നോട്ടീസ്. ഡൽഹി ഖൈബർ പാസിലുള്ള സമരേഷിന്റേതടക്കമുള്ള വീടുകൾ നിൽക്കുന്ന പ്രദേശം പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിനാൽ പ്രദേശവാസികൾ നിയമവിരുദ്ധമായാണ് ഇവിടെ താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് നോട്ടീസ് നൽകിയത്. വീടുകൾ രണ്ട് ദിവസത്തിനകം പൊളിച്ചുനീക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതെന്നും കഴിഞ്ഞ 75 വർഷമായി തന്റെ കുടുംബം ഇവിടെയാണ് താമസിക്കുന്നതെന്നും സമരേഷ് പറഞ്ഞു. എന്തിനാണ് ഈ പൊളിക്കൽ നീക്കം നടക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്തിനാണ് ഈ പൊളിക്കൽ നീക്കം നടക്കുന്നതെന്ന് എനിക്കറിയില്ല. കോളനി മുഴുവൻ നിയമവിരുദ്ധമാണെന്ന് അവർ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ടാണ് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ 75 വർഷമായി എന്റെ കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. ഞങ്ങൾ കോടിതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. രണ്ട് ദിവസത്തിനകം സാധനങ്ങളെല്ലാം മാറ്റണമെന്നാണ് പറയുന്നത്. ഇത്രയും കാലമായി ഇവിടെ താമസിക്കുന്നവർക്ക് എങ്ങനെയാണ് അതിന് കഴിയുക. രണ്ട് മാസമെങ്കിലും സമയം അനുവദിക്കണം’ -സമരേഷ് വാർത്ത ഏജൻസിയോട് പറഞ്ഞു. സമൂഹ മാധ്യമത്തിൽ ഇതുസംബന്ധിച്ച് കുറിപ്പിട്ട സമരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ചീഫ് പി.ടി ഉഷ തുടങ്ങിയവരെയെല്ലാം ടാഗ് ചെയ്തിട്ടുമുണ്ട്.
2006ൽ മെൽബണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ അഞ്ച് സ്വർണവും ഓരോ വെള്ളിയും വെങ്കലവും സ്വന്തമാക്കിയയാളാണ് സമരേഷ് ജംഗ്. ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ അദ്ദേഹം 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. അർജുന അവാർഡ് ജേതാവ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.