മനു ഭാക്കര്‍

മനു ഭാക്കറെ ഖേല്‍രത്നക്ക് ശിപാര്‍ശ ചെയ്‌തേക്കും; മുഖം രക്ഷിക്കാനൊരുങ്ങി കായികമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഷൂട്ടിങ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മനു ഭാക്കറെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനൊരുങ്ങി കായികമന്ത്രാലയം. പ്രത്യേക അധികാരം ഉപയോഗിച്ച് മനു ഭാക്കറെ കൂടി ഖേല്‍രത്നക്ക് ശിപാര്‍ശ ചെയ്തേക്കുമെന്ന് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മനു ഭാക്കറെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാതിരുന്ന സംഭവത്തെ കുറിച്ച് കായികമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമതീരുമാനം സ്വീകരിക്കുക.

നേരത്തേ 12 അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശിപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടംപിടിച്ചിരുന്നില്ല. പാരിസ് ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയം പറയുന്നത്. എന്നാല്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മനു ഭാക്കറിന്റെ കുടുംബം പറയുന്നു.

ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലമെഡല്‍ നേടിയത് ഹര്‍മന്‍പ്രീത് സിങ്ങിന്റെ നായകത്വത്തിലായിരുന്നു. പാരിസിലെ പാരാലിമ്പിക്സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ താരമാണ് പ്രവീണ്‍ കുമാര്‍.

പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്സ്ഡ് വിഭാഗത്തില്‍ സരബ്ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി.

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020ല്‍ അര്‍ജുന അവാര്‍ഡ് നേടിയിരുന്നു.

Tags:    
News Summary - On Back-Foot, Sports Ministry Looks To Save Face In Manu Bhaker-Khel Ratna Controversy: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.