വൈകിയെത്തി മനം കവരുക എന്ന വാക്കിനോട് നീതി പുലർത്തിയ ടീമാണ് ഒഡിഷ എഫ്.സി. ഇന്ത്യൻ കളിയാരവരാവിലേക്ക് അവരിറങ്ങിയിട്ട് നാലുവർഷം തികയുന്നതേയുള്ളൂ. ഇക്കാലയളവിൽതന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ലീഗിൽ വ്യക്തമായ സ്വാധീനം കൈവരിച്ച ഒഡിഷ 2020-21 സീസണിൽ കാണികളെ അതിശയിപ്പിച്ചിരുന്നു. നേരിയ പോയന്റുകൾക്ക് പ്ലേ ഓഫ് നഷ്ടമായെങ്കിലും ആ സീസണിലുടനീളം മികച്ച പ്രകടനമാണവർ കാഴ്ചവെച്ചത്.
ആ വർഷത്തെ ഡ്യൂറന്റ് കപ്പിൽ പ്രീക്വാർട്ടറിലാണ് അവർക്ക് മടങ്ങേണ്ടിവന്നത്. ടീമിന്റെ പ്രധാന കരുത്ത് ക്യാപ്റ്റനും ഇന്ത്യൻ ടീം ഗോൾകീപ്പറുമായ അമരീന്ദർ സിങ്ങാണ്. പോസ്റ്റിനുതാഴെ ഉരുക്കുമതിൽ തീർക്കുന്ന അമരീന്ദറിനെ കടന്ന് സ്കോർ ചെയ്യുക എന്നത് എതിർ ടീമിന് അത്ര എളുപ്പമാകില്ല.
ബംഗളൂരു എഫ്.സിയിൽനിന്ന് കൂടുമാറിയെത്തിയ മുന്നേറ്റ നിരയിലെ പകരംവെക്കാനില്ലാത്ത താരം റോയ് കൃഷ്ണയുടെ വരവ് എതിരാളികളെ സമ്മർദത്തിലാക്കും. കൂടെ ബ്രസീലിയൻ അറ്റാക്കർ ഡിയഗോ മൗറിചിയോകൂടി ചേരുമ്പോൾ ഒഡിഷയെ തളക്കാൻ ഒരൽപം വിയർക്കേണ്ടിവരും. റോയ് കൃഷ്ണയുൾപ്പെടെ മുൻ ടോട്ടനം യുവതാരം ജാപനീസുകാരമായ സോയ് ഗൊദാഡോ അടക്കം 12 പേരെയാണ് ഒഡിഷ ഇത്തവണ പുതുതായി ടീമിലെത്തിച്ചത്.
ഫുട്ബാൾ പരിശീലന മേഖലയിൽ സ്വന്തമായ ശൈലികൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ചുരുക്കം ചിലരിലൊരാളാണ് സെർജിയോ ലൊബേറ. മികച്ച കരിയർ പിൻബലമുള്ള ലൊബേറ 1997 മുതൽ പരിശീലന കുപ്പായത്തിലുണ്ട്. ബാർസലോണ യൂത്ത് ടീമിന്റെ പരിശീലകനായി തുടങ്ങിയ ലൊബേറ, പിന്നീട് ബാഴ്സലോണ സി ടീം മുതൽ നിരവധി സ്പാനിഷ് ക്ലബുകളുടെ പരിശീലകനായും തുടർന്ന പരിചയമുണ്ട്.
2012ൽ ടിറ്റോ വിലനോവയോടൊപ്പം ബാഴ്സലോണ എ ടീമിന്റെ സഹപരിശീലക വേഷത്തിലും ലൊബേറ സാന്നിധ്യമറിയിച്ചു. 2017ൽ എഫ്.സി ഗോവ വഴിയാണ് ഇന്ത്യയിലേക്കുള്ള വരവ്. സ്വതഃസിദ്ധമായ തന്ത്രത്തിലൂടെ നിർമിച്ചെടുത്ത അറ്റാക്കിങ് ഗെയിമും ടാക്ടിക്കൽ ബ്രില്യൻസും കൊണ്ട് പ്രശസ്തനായ ലൊബേറ എഫ്.സി ഗോവയെ 2019-20 സീസണിൽ ഫൈനൻവരെ എത്തിച്ചു. പിന്നീട് മുംബൈ സിറ്റി എഫ്.സിയിലേക്ക് മാറിയ ലൊബേറ അവർക്കായി സമ്മാനിച്ചത് അവരുടെ ആദ്യ ഐ.എസ്.എൽ ചാമ്പ്യൻ പട്ടമാണ്. 2020ലെ എഫ്.പി.എ.ഐയുടെ മികച്ച പരിശീലക അവാർഡും കരസ്ഥമാക്കിയ ലൊബേറ ഇത്തവണ തന്ത്രങ്ങൾ മെനയുന്നത് ഒഡിഷയുടെ കളിക്കളത്തിലായതിനാൽതന്നെ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ വാനോളമാണ്.
1. സെപ്. 23 ചെന്നൈയിൻ എഫ്.സി
2. സെപ്. 28 മുംബൈ സിറ്റി എഫ്.സി
3. ഒക്ടോ. 07 എഫ്.സി. ഗോവ
4. ഒക്ടോ. 27 കേരള ബ്ലാസ്റ്റേഴ്സ്
5. ഒക്ടോ. 31 ബംഗളൂരു എഫ്.സി
6. നവം. 03 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
7. ഡിസം. 01 ജാംഷഡ്പുർ എഫ്.സി
8. ഡിസം. 06 മോഹൻ ബഗാൻ
9. ഡിസം. 17 ഹൈദരാബാദ് എഫ്.സി
10. ഡിസം.22 ഈസ്റ്റ് ബംഗാൾ
11. ഡിസം.26 പഞ്ചാബ് എഫ്.സി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.