ന്യൂഡൽഹി: പ്രതിവർഷം മൂന്നു കോടിയോളം രൂപ പ്രതിഫലമുള്ള ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ (സി.ഇ.ഒ) പദവിയിലേക്ക് നിയമനം നടത്തിയതിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് പി.ടി. ഉഷക്കെതിരെ ഗുരുതരമായ ആരോപണവുമായി ഐ.ഒ.എ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ. ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുൻ തലവനായ രഘുറാമിനെ സി.ഇ.ഒയായി നിയമിച്ചതായി ഈ മാസം ആറിന് ഉഷ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു.
എന്നാൽ, 15 എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളിൽ 12 പേരും ഈ തീരുമാനത്തെ അംഗീകരിച്ചിട്ടില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. യോഗത്തിന്റെ അജണ്ടയിലില്ലാത്ത വിഷയം തിടുക്കത്തിൽ അവതരിപ്പിച്ചു. നിയമനത്തിന് ഉഷ സമ്മർദം ചെലുത്തിയെന്നും ഐ.ഒ.എ സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, ട്രഷറർ സഹദേവ് യാദവ്, വൈസ് പ്രസിഡന്റുമാരായ രാജ് ലക്ഷ്മി ദേവ്, ഗഗൻ നാരംഗ്, ഗുസ്തിതാരം യോഗേശ്വർ ദത്ത് തുടങ്ങിയവർ കത്തിലൂടെ ചൂണ്ടിക്കാട്ടി.
നിയമനടപടിക്രമങ്ങൾ അനുചിതവും അസോസിയേഷന് യോജിക്കാത്തതുമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സി.ഇ.ഒയെ നാമനിർദേശം ചെയ്തത് പരിശോധിക്കാനോ മാനദണ്ഡങ്ങൾ മനസ്സിലാക്കാനോ കഴിഞ്ഞില്ലെന്നും അംഗങ്ങൾ ആരോപിക്കുന്നു.
സി.ഇ.ഒയുടെ ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചെന്ന ഗുരുതരമായ ആരോപണവും ഗഗൻ നാരംഗ് അടക്കമുള്ളവർ ഉയർത്തി. പ്രതിവർഷം മൂന്ന് കോടി രൂപയാണ് പ്രതിഫലം. ശമ്പളകാര്യത്തിൽ വിശകലനത്തിനും ചർച്ചക്കുമായി പത്ത് ദിവസം സാവകാശം ചോദിച്ചിട്ടും ഉഷ സമ്മതിച്ചില്ല. അഭ്യർഥനകളെല്ലാം തള്ളി പെട്ടെന്ന് നിയമനകാര്യത്തിൽ പത്രപ്രസ്താവന ഇറക്കുകയായിരുന്നു. മേരി കോം, അചന്ത ശരത് കമൽ എന്നിവരൊഴികെ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
നിയമനം ദീർഘമായി ചർച്ച ചെയ്തതായും ഹാജരായ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചിരുന്നതായും ഉഷ പറഞ്ഞു. ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത് എന്നിവർ നാമനിർദേശ കമ്മിറ്റിയുടെ തീരുമാനത്തിൽ യോജിച്ചിരുന്നു. സി.ഇ.ഒ ചുമതലയേറ്റ ദിവസം എക്സിക്യൂട്ടിവ് കൗൺസിലിലെ ചില അംഗങ്ങൾ തീരുമാനങ്ങളിൽ ആശങ്കകളും എതിർപ്പുകളും ഉന്നയിച്ചത് ലജ്ജാകരമാണ്. ഇത്തരം സംഭവവികാസങ്ങൾ ഐ.ഒ.എയെ സസ്പെൻഡ് ചെയ്യാനിടയാക്കും. നേരത്തേ സമ്മതിച്ച ശമ്പളത്തിന്റെ 30 ശതമാനത്തിലധികം പ്രതിഫലം കുറച്ചാണ് നൽകാൻ തീരുമാനിച്ചതെന്നും ഉഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.