പാരിസ്: സെന്‍ നദിയിലെ മലിനീകരണ തോത് കൂടിയതിനാൽ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഒളിമ്പിക്സിലെ പുരുഷന്മാരുടെ ട്രയാത്ലണ് മത്സരങ്ങള്‍ മാറ്റിവെച്ചു. ജലപരിശോധനക്ക് വിധേയമായി മത്സരങ്ങൾ ബുധനാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. വനിതകളുടെ മത്സരവും ഇന്നുതന്നെയാണ് നടക്കേണ്ടത്.
ഒളിമ്പിക്സ് ഉദ്ഘാടനത്തിനു തൊട്ടുമുമ്പും ജല മലിനീകരണത്തെ ചൊല്ലി ആരോപണമുയര്‍ന്നപ്പോള്‍ പാരിസ് മേയര്‍ നദിയിലിറങ്ങി നീന്തി നീന്തലിന് അനുയോജ്യമെന്ന് സ്ഥാപിച്ചിരുന്നു. എന്നാല്‍, വിശദ പരിശോധനയിലാണ് ജലത്തിൽ മലിനീകരണ തോത് കൂടിയതായി കണ്ടെത്തിയത്.
കനത്ത മഴയിൽ സെൻ നദിയിലെ ഇ-കോളിയുടെയും മറ്റു ബാക്ടീരിയകളുടെയും അളവ് സാധാരണ ഉയരാറുണ്ട്. വെള്ളിയാഴ്ച ഒളിമ്പിക് ഉദ്ഘാടന ചടങ്ങിനിടെ പെയ്ത മഴ ശനിയാഴ്ച വരെ തുടർന്നതാണ് ഇ-കോളി അളവ് കൂടാൻ ഇടയാക്കിയതെന്ന് ഒളിമ്പിക് സംഘാടക സമിതി അറിയിച്ചു.
വെള്ളത്തിന്റെ ഗുണനിലവാരം സ്വീകാര്യമായ അളവിലും താഴെയായതിനാൽ ട്രയാത്ലൺ താരങ്ങളുടെ നീന്തൽ പരിശീലനം നേരത്തേ റദ്ദാക്കിയിരുന്നു. ആഗസ്റ്റ് അഞ്ചിന് ട്രയാത്ലൺ മിക്സഡ് റിലേയും ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ മാരത്തൺ നീന്തലും സെൻ നദിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
വെള്ളത്തിന്റെ ഗുണനിലവാരം സ്വീകാര്യമായ തോതിന് താഴെയാണെങ്കിൽ മാത്രമേ സെൻ നദിയിൽ ട്രയാത്ലൺ ഉൾപ്പെടെ മത്സരങ്ങൾ നടത്താൻ കഴിയൂ. മത്സരാർഥികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്നാണ് ഒളിമ്പിക്സ് കമ്മിറ്റി നിലപാട്. ഇ-കോളി അല്ലെങ്കിൽ മറ്റു ബാക്ടീരിയകൾ സ്വീകാര്യമായതിലും കൂടിയ അളവിൽ അടങ്ങിയ വെള്ളത്തിൽ നീന്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
വയറുവേദനക്കും കുടൽ രോഗങ്ങൾക്കുമാണ് ഇത് കാരണമാകുക. നീന്തലിനിടെ വെള്ളം ഉള്ളിൽ ചെല്ലുകയും മുറിവുകളിലൂടെ അണുബാധയേൽക്കുകയും ചെയ്യാം. ഇത് ജീവന് ഭീഷണിയായ സെപ്സിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ഗെയ്നെസ്വില്ലെയിലെ ഫ്ലോറിഡ ഹെൽത്ത് യൂനിവേഴ്സിറ്റി പകർച്ചവ്യാധി രോഗവിദഗ്ധൻ ഡോ. നിക്കോൾ അയോവിൻ പറയുന്നു. അതുകൊണ്ടാണ് ജലത്തിന്റെ ഗുണനിലവാരം സൂക്ഷ്മമായി ഒളിമ്പിക്സ് കമ്മിറ്റി നിരീക്ഷിക്കുന്നത്. ഒളിമ്പിക്സിന് മുമ്പ് നദിയിലെ വെള്ളം നീന്തലിന് അനുയോജ്യമായിരുന്നെങ്കിലും പിന്നീട് കനത്ത മഴ പെയ്തതാണ് ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചത്. ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ നടക്കേണ്ട 10 കിലോമീറ്റർ മാരത്തൺ നീന്തൽ ആവശ്യമെങ്കിൽ മാർനെ നദിയിലെ വേദിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.