ഉത്തേജക പരിശോധനക്ക് ഹാജരായില്ലെന്നാരോപിച്ച് വിനേഷ് ഫോഗട്ടിന് നാഡ നോട്ടീസ്

ന്യൂഡൽഹി: ഉത്തേജക പരിശോധനക്ക് ഹാജരായില്ലെന്നാരോപിച്ച് കായികതാരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. കഴിഞ്ഞ മാസം ഉത്തേജ പരിശോധന നടത്താനായി പോയപ്പോൾ സ്ഥലത്ത് വിനേഷ് ഫോഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്തംബർ ഒമ്പതാം തീയതി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ വിനേഷിന്റെ ഹരിയാനയിലെ ഖാർഖോഡയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, അവിടെ അപ്പോൾ അവർ ഉണ്ടായിരുന്നില്ല.

തുടർന്ന് ഉത്തേജക പരിശോധനക്കായി സാമ്പിളുകൾ എടുക്കാനും സാധിച്ചില്ല. ഇതേ തുടർന്ന് 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉത്തേജക വിരുദ്ധ ഏജൻസി വിനേഷ് ഫോഗട്ടിന് നോട്ടീസ് അയക്കുകയായിരിക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നോട്ടീസ് വിനേഷ് ഫോഗട്ടിന് ലഭിക്കുന്നത്.

അതേസമയം, വിനേഷ് ഫോഗട്ടിനെതിരെ നിലവിൽ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനക്ക് സാമ്പിളുകൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ മാത്രമാണ് നാഡ നടപടിയെടുക്കുക.

നേരത്തെ പാരീസ് ഒളിമ്പിക്സിലെ മെഡൽ നഷ്ടത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയിൽ നിന്നും വിരമിച്ചിരുന്നു. 50 കിലോ ഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. എന്നാൽ, ഭാരം 100 ഗ്രാം കൂടിയതിനെ തുടർന്ന് അവരെ അയോഗ്യയാക്കുകയായിരുന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നു.

Tags:    
News Summary - Anti-doping agency serves retired Vinesh Phogat notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.