തേഞ്ഞിപ്പലം: 'ചൂടേറിയ' ട്രാക്കിൽ 65ാമത് സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചപ്പോൾ ആദ്യദിനത്തിൽ പാലക്കാടൻ കൊയ്ത്ത്. കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ രാവിലെതന്നെ കുതിപ്പുതുടങ്ങിയ പാലക്കാട് 85 പോയൻറുമായി ബഹുദൂരം മുന്നിലെത്തി. കോട്ടയവും (68) തിരുവനന്തപുരവും (65) രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടത്തിലാണ്. അഞ്ച് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലുമാണ് പാലക്കാടിനുള്ളത്. രണ്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് കോട്ടയത്തിന്‍റെ സമ്പാദ്യം.
ജാവലിൻത്രോയിൽ മീറ്റ് റെക്കോഡ് പിറന്നതാണ് ആദ്യദിനത്തിലെ ശ്രദ്ധേയ നേട്ടം. 40 വർഷം പഴക്കമുള്ള റെക്കോഡ് ഭേദിച്ചത് എറണാകുളത്തിന്‍റെ അരുൺ ബേബിയാണ്. 1982ൽ എറണാകുളത്തിന്‍റെ ഷാഹുൽ ഹമീദ് കുറിച്ച 69.28 മീ. ദൂരമാണ് അരുൺ ബേബി 71.40 മീറ്ററാക്കി മാറ്റിയത്. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന മീറ്റിൽ പുരുഷ-വനിത താരങ്ങൾ 22 ഇനങ്ങളിലാണ് മത്സരിക്കുന്നത്.
അരുൺബേബി എറിഞ്ഞിട്ടത് 40 കൊല്ലത്തെ പഴക്കം
മലപ്പുറം: 40 വർഷം മുമ്പത്തെ പുരുഷ വിഭാഗം ജാവലിൻ ത്രോ റെക്കോഡ് തിരുത്തിക്കുറിച്ച് എറണാകുളത്തിന്‍റെ അരുൺ ബേബിക്ക് സുവർണനേട്ടം. ആദ്യദിനം പിറന്ന ഏക മീറ്റ് റെക്കോഡിനായി വൈകീട്ട് അരുൺ ബേബിയുടെ ഏറിനായി കാത്തിരിക്കേണ്ടിവന്നു. 1982ൽ എറണാകുളത്തിന്‍റെ ഷാഹുൽ ഹമീദിന്‍റെ പേരിലുള്ള 69.28 മീറ്റർ ദൂരമാണ് 28കാരനായ അരുൺ ബേബി ശനിയാഴ്ച 71.40 മീറ്ററാക്കി എറിഞ്ഞെടുത്തത്. എറണാകുളത്തിന്‍റെ ജിബിൻ തോമസിനാണ് ഈയിനത്തിൽ വെള്ളി. 2017ൽ ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി മീറ്റിൽ സ്വർണം നേടിയപ്പോൾ എറിഞ്ഞെടുത്ത 73 മീറ്റർ ദൂരമാണ് അരുണിന്‍റെ മികച്ച ദൂരം.
രണ്ടു വർഷമായി തിരുവനന്തപുരത്ത് പൊലീസിൽ ജോലി ചെയ്യുന്ന അരുൺ മൂവാറ്റുപ്പുഴ കോലഞ്ചേരി കുറ്റപ്പാൽ വീട്ടിൽ ബേബി -ലീല ദമ്പതികളുടെ മകനാണ്. ടി.എ. ബാബുവിന്‍റെ കീഴിലാണ് നിലവിൽ പരിശീലനം.
സ്വന്തം ഉയരത്തോട്മത്സരിച്ച് ഏഞ്ചൽ
തേഞ്ഞിപ്പലം: ഹൈജംപിൽ സ്വന്തം ഉയരത്തോട് മത്സരിച്ച് തിളക്കമാർന്ന സ്വർണം കരസ്ഥമാക്കി ഇടുക്കിയുടെ ഏഞ്ചൽ പി. ദേവസ്യ. എതിരാളികളെല്ലാം നേരത്തേ പിൻവാങ്ങിയപ്പോൾ പുതിയ ഉയരം താണ്ടാനുള്ള ചാട്ടത്തിലായിരുന്നു ഏഞ്ചൽ. മീറ്റിൽ 1.79 മീറ്റർ മറികടന്നാണ് ഏഞ്ചൽ സ്വർണം നേടിയത്. വെള്ളി സ്വന്തമാക്കിയ ലിബ സജി 1.70 മീറ്ററിലും വെങ്കലം നേടിയ ആതിര സോമരാജ് 1.65 മീറ്ററിലും പിൻവാങ്ങിയിരുന്നു. പിന്നീട് ചാടിയെടുത്ത 1.73, 1.76, 1.79 മീറ്റർ ഉയരങ്ങളിലേക്ക് കൂട്ടിന് മറ്റാരുമുണ്ടായിരുന്നില്ല. സ്വന്തം പേരിലുള്ള മീറ്റ് റെക്കോഡിനൊപ്പം (1.83 മീ) എത്താൻ ആയില്ലെങ്കിലും ഏറെ നാളുകൾക്കു ശേഷം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം. ഇന്ത്യൻ റെയിൽവേസിലെ ജീവനക്കാരിയായ ഏഞ്ചൽ ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശി ദേവസ്യയുടെയും സിനിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.