എട്ടാമത്തെ ഗെയിം പോലെ ആദ്യ നീക്കം സി ഫയലിലെ കാലാളിനെ രണ്ട് കളം മുന്നോട്ടു നീക്കിക്കൊണ്ടായിരുന്നു ഡിങ് ലിറെൻ തുടങ്ങിയത്. ആദ്യ 15 നീക്കങ്ങൾ കഴിഞ്ഞപ്പോൾ ലോക ചാമ്പ്യന് നേരിയ മുൻതൂക്കം. ഓരോ നീക്കങ്ങൾ കഴിയുമ്പോഴും ഡിങ് തന്റെ ആധിപത്യം ഉറപ്പിക്കുന്നതാണ് കാണാൻ സാധിച്ചത്. അടുത്ത അഞ്ചു നീക്കങ്ങൾ കഴിഞ്ഞപ്പോഴേക്കും വ്യക്തമായ മുൻതൂക്കം നേടാൻ ചൈനീസ് താരത്തിന് സാധിച്ചു. മുൻ കളികളിൽ വലിയ കരുക്കളെ വെട്ടിമാറ്റുന്നതിൽ ആവേശം കാണിച്ചിരുന്ന ഡിങ് 23 നീക്കങ്ങൾ വരെ ക്ഷമയോടെ കരുക്കളെ മികച്ച കളങ്ങളിലേക്കു വെക്കുന്നതാണ് കാണാൻ സാധിച്ചത്.
ആദ്യം വെട്ടി മാറ്റൽ ഗുകേഷ് നടത്തുമ്പോഴേക്ക് ഗെയിം കൈ വിട്ടുപോയ അവസ്ഥയിലെത്തിയിരുന്നു. ഇന്നലെ നടന്നത് ലോക ചാമ്പ്യന്റെ തേരോട്ടം എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ കളിയിൽ ഗുകേഷിന് ജയിക്കാൻ ഡിങ്ങിന്റെ മണ്ടത്തം ആവശ്യമായിരുന്നെങ്കിൽ, ഇത്തവണ ലോക ചാമ്പ്യൻ കളിയുടെ എല്ലാ മേഖലകളിലും സർവാധിപത്യം കാണിച്ചുകൊണ്ട് മുന്നേറുക ആയിരുന്നു. 28 നീക്കങ്ങൾ കഴിഞ്ഞപ്പോൾ ലോക ചാമ്പ്യന്റെ എല്ലാ കരുക്കളും മികച്ചനിലയിൽ നിൽക്കുമ്പോൾ ഗുകേഷിന്റെ കരുക്കൾ എല്ലാംതന്നെ പിൻനിരയിൽ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിൽ ആയിരുന്നു. 29ാം നീക്കത്തിൽ ഒരു കാലാളിനെ നഷ്ടപ്പെട്ട ഗുകേഷിന് 33ാം നീക്കത്തിൽ അടുത്ത കാലാളിനെയും നഷ്ടപ്പെട്ടു. ഡിങ് ലിറെന്റെ ഡി പോൺ ക്വീൻ ആവുമെന്ന ഘട്ടം വന്നപ്പോൾ ഗുകേഷ് പരാജയം സമ്മതിച്ചു. കഴിഞ്ഞ ലോകചമ്പ്യൻഷിപ്പിലും 12ാമത്തെ കളിയിൽ ജയിച്ചുകൊണ്ടാണ് ഡിങ് തിരിച്ചുവന്നത്.
കെ. രത്നാകരൻ
(ഇന്റർനാഷനൽ മാസ്റ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.