സിംഗപ്പൂർ: പതിനാലാം റൗണ്ട് പോരാട്ടം കഴിഞ്ഞ് ഡിങ് ലിറെൻ ഒപ്പുചാർത്തുമ്പോൾ ഡി. ഗുകേഷ് താൻ വെട്ടിപ്പിടിച്ച ഔന്നത്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നുവേണം കരുതാൻ. അവിശ്വസനീയതയിൽ താടിക്ക് കൈ കൊടുത്തിരുന്ന ഇന്ത്യൻ താരത്തിന്റെ മുഖത്ത് സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറതെളിച്ചവും ആഹ്ലാദാതിരേകത്തിന്റെ പുഞ്ചിരിയുമുണ്ടായിരുന്നു. തോൽവി സമ്മതിച്ച് ഒപ്പുചാർത്തിയ കടലാസ് ഡിങ് ലിറെൻ തന്നിലേക്ക് നീട്ടുമ്പോൾ ചെറുചിരിയോടെ ഇന്ത്യയുടെ അഭിമാനതാരം പേന കൈയിലെടുത്തു. ക്ഷണത്തിൽ ഒപ്പുവെച്ചു. പിന്നെ മേശയിലേക്ക് മുഖം താഴ്ത്തി ഇരുന്നു. മുഖത്ത് കൈകുത്തിയിരുന്ന് സന്തോഷക്കണ്ണീരിലമർന്നു.
കരച്ചിൽ നിർത്തി പിന്നെ ചുറ്റുമുള്ളവരോട് അഭിവാദ്യം. ചെറുപ്പത്തിന്റെ ഇളമയിൽ നേടിയെടുത്ത മഹാവിജയമെന്ന യാഥാർഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവു കൊണ്ടാകണം, വീണ്ടും കണ്ണീരിന്റെ കളത്തിൽ. മുഖം പൊത്തി അവൻ നിർത്താതെ കരഞ്ഞു, പതിനെട്ട് വയസ്സ് മാത്രമുള്ള പുതിയ ലോക ചാമ്പ്യൻ. വിശ്വനാഥൻ ആനന്ദിന്റെ മണ്ണിൽനിന്ന് മറ്റൊരു വിശ്വജേതാവ്. ചെസിന്റെ ചരിത്രപ്പിറവിക്ക് സിംഗപ്പൂർ നിലമൊരുക്കുമ്പോൾ പുതിയൊരു യുഗത്തിന് തുടക്കമാവുകയാണ്. ഇന്ത്യൻ ചെസിൽനിന്ന് ലോക ചെസിലേക്ക് പടർന്നുപന്തലിക്കുന്ന ഗുകേഷ് യുഗം.
കളിയിലെ വിശാരദന്മാർ സമനിലയെന്നു കണക്കുകൂട്ടിയ മത്സരത്തിൽ അപ്രതീക്ഷിത നീക്കവുമായാണ് ഗുകേഷ് പുതുചരിത്രത്തിലേക്ക് അട്ടിമറി ജയം കൊയ്തെടുക്കുന്നത്. പതിനാലാം ഗെയിമിൽ നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ തോൽപിച്ച് ഏഴര പോയന്റിൽ തൊടുമ്പോൾ ഇന്ത്യക്കാരന്റെ അപാരമായ മനസ്സാന്നിധ്യത്തിന്റെ വിജയം കൂടിയായിരുന്നു അത്. സമനില വഴങ്ങിയിരുന്നെങ്കിൽ ടൈബ്രേക്കറിലെത്തുമായിരുന്ന കളിയെ അതിനുമുമ്പേ അവൻ അതിവിദഗ്ധമായി വരുതിയിലാക്കുകയായിരുന്നു. ടൈബ്രേക്കറിൽ ഡിങ് ലിറന് മുൻതൂക്കം കൽപിക്കപ്പെട്ടിരുന്ന ചാമ്പ്യൻഷിപ്പിൽ അതിലേക്കൊന്നുമെത്താതെ ഗുകേഷ് ലോകം ജയിച്ചതിൽ അഭിമാനിക്കാൻ വകയേറെയുണ്ട്.
ലോക കിരീടത്തിലേക്ക് തേരുതെളിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതിയാണ് ഈ കൗമാരക്കാരന് സ്വന്തമാവുന്നത്. 22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.