‘ബി.ജെ.പിയിൽ ചേർന്നാൽ എന്റെ വിലക്ക് പിൻവലിക്കും’; നാഡ സസ്പെൻഷന് പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് ബജ്‌രംഗ് പുനിയ

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)നാല് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം ചെയ്തതിന് കേന്ദ്രസർക്കാർ പകപോക്കുകയാണെന്ന് ബജ്‌രംഗ് പറഞ്ഞു. സർക്കാർ തങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പിയിൽ ചേർന്നാൽ തന്റെ വിലക്ക് പിൻവലിക്കുമെന്നും താരം പറഞ്ഞു.

“വനിതാ ഗുസ്തി താരങ്ങളെ സമരത്തിൽ പിന്തുണച്ചതിന് കേന്ദ്ര സർക്കാർ പ്രതികാരം തീർക്കുകയാണ്. എല്ലാ ഏജൻസികളും സർക്കാറിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10-12 വർഷമായി ഗുസ്തി മത്സര രംഗത്തുള്ളയാളാണ് ഞാൻ. എല്ലാ ടൂർണമെന്റിനും മുന്നോടിയായി ഉത്തേജക മരുന്ന് പരിശോധനക്കായി സാമ്പിൾ നൽകാറുണ്ട്. എന്നാൽ ഞങ്ങളെ തകർക്കുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളത്. ഞങ്ങൾ അവർക്കു മുന്നിൽ താണുവണങ്ങി നിൽക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ബി.ജെ.പിയിൽ ചേർന്നാൽ എന്റെ എല്ലാ വിലക്കുകളും അവർ പിൻവലിക്കും” -ബജ്‌രംഗ് പറഞ്ഞു.

സെലക്ഷൻ ട്രയലിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചുവെന്ന വാദത്തെ ബജ്‌രംഗ് നിഷേധിച്ചു. പരിശോധനക്ക് കാലഹരണപ്പെട്ട കിറ്റാണ് അധികൃതർ എത്തിച്ചത്. നാഡയെ ഇക്കാര്യം അറിയിച്ചു. എന്നാൽ അവർ അംഗീകരിക്കാൻ തയാറായില്ല. ഇക്കാര്യം താൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഒളിമ്പിക് മെഡൽ ജേതാവ് കൂടിയായ ബജ്‌രംഗ് വ്യക്തമാക്കി.

ഏപ്രിൽ 23ന് പുനിയയെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് അന്താരാഷ്ട്ര സംഘടനയും വിലക്കി. അപ്പീലിനെ തുടർന്ന് മേയ് 31ന് സസ്പെൻഷൻ റദ്ദാക്കിയിരുന്നു. ഒടുവിൽ വാദം കേട്ട ശേഷമാണ് നാലു വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 23 മുതൽ നടപടി പ്രാബല്യത്തിലുണ്ട്. സസ്പെൻഷൻ കാലയളവിൽ ഗുസ്തിയിൽ പങ്കെടുക്കാനോ വിദേശത്ത് കോച്ചിങ് അവസരങ്ങൾ തേടാനോ അനുവദിക്കില്ല.

നേരത്തേ, ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു പുനിയ. വനിതാ താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർക്കൊപ്പം ബജ്‌രംഗ് പുനിയയും സമരരംഗത്ത് സജീവമായിരുന്നു. പിന്നീട് ഇക്കൊല്ലം വിനേഷ് ഫോഗട്ടിനൊപ്പം താരം കോൺഗ്രസിൽ ചേർന്നു. 

Tags:    
News Summary - if I join BJP, my bans will be lifted’: Bajrang Punia after NADA suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.