മലപ്പുറം: മുന്നോട്ടുള്ള കുതിപ്പിനിടെ പ്രതിബന്ധങ്ങളോരാന്നായി ചാടിക്കടക്കുമ്പോൾ മുഹമ്മദ് ഹനാന് പ്രതീക്ഷയുണ്ടായിരുന്നു. വലിയ ലക്ഷ്യത്തിലേക്ക് ഒരുനാൾ അവനെത്തുന്നതും കാത്ത് കുടുംബവും കൂടെ നിന്നു. താനൂർ പുത്തൻതെരു വെള്ളച്ചാലിൽ വീട്ടിലെ ചെറിയ പെരുന്നാൾ തിരക്കിലേക്കാണ് വലിയൊരു സന്തോഷമെത്തിയത്.
അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മറ്റൊരു ഇന്ത്യക്കാരനും സ്വന്തമാവാത്ത നേട്ടം ഹനാന് ലഭിച്ചിരിക്കുന്നു. ലോക റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് തൊട്ട് പിന്നിലായി മൂന്നാം സ്ഥാനം. ഫെബ്രുവരി 26ന് കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദക്ഷിണേന്ത്യൻ മേഖല ജൂനിയർ അത്ലറ്റിക് മീറ്റിൽ 13.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത പ്രകടനത്തിനാണ് ഈ അംഗീകാരം. താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഹനാൻ.
പരിശീലന സൗകര്യങ്ങളില്ലാത്ത പിന്നാക്ക സാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന താരത്തിന് സഹോദരൻ മുഹമ്മദ് ഹർഷാദായിരുന്നു വലിയ പിന്തുണ. പാടത്തും പറമ്പിലും കടപ്പുറത്തും ഓടിയും ചാടിയും തുടക്കം. പിന്നെ ഹർഷാദിന് കീഴിൽ ചിട്ടയായ പരിശീലനം. സംസ്ഥാന, ദേശീയ മീറ്റുകളിൽ മെഡൽ നേടി. ഇക്കഴിഞ്ഞ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 18 വിഭാഗം 110 മീറ്റർ ഹർഡ്ൽസ് സ്വർണം ഹനാനായിരുന്നു. സംസ്ഥാന റെക്കോഡും സ്വന്തം പേരിലാക്കി.
അണ്ടർ 18 അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലേക്കുള്ള എൻട്രി കൂടിയാണ് ലോകറാങ്ക്. 2024ന് ശേഷം വരുന്ന ഒളിമ്പിക്സാണ് ലക്ഷ്യമെന്ന് ഹനാൻ പറയുന്നു. അബൂദബിയിൽ ഡ്രൈവറായ വെള്ളച്ചാലിൽ കരീമിെൻറയും നൂർജഹാെൻറയും മകനാണ്. എം.ജി സർവകലാശാലയിൽ കായികപഠന വകുപ്പിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ് സഹോദരൻ ഹർഷാദ്. വിദ്യാർഥികളായ മുഹമ്മദ് ആഷിക്കും നിദയുമാണ് മറ്റ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.