ബ്രസൽസ് (ബെൽജിയം): ഡയമണ്ട് ലീഗ് ഫൈനലിൽ ഇതാദ്യമായി ഇന്ത്യയെ പ്രതിനിധാനം ചെയ്ത് രണ്ട് താരങ്ങൾ ഇറങ്ങുന്നു. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും 3000 മീ. സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബ്‍ലെയും പങ്കെടുക്കും.
2022ൽ സ്വർണവും ’23ൽ വെള്ളിയും നേടിയിരുന്നു നീരജ്. നിലവിലെ ഡയമണ്ട് ലീഗ് സീസണിൽ 14ാം സ്ഥാനക്കാരനായ സാബ്‍ലെക്ക് നാല് താരങ്ങൾ പിന്മാറിയതോടെയാണ് ആദ്യ 10ലെത്തി ഫൈനലിൽ കടക്കാനായത്. സ്റ്റീപ്പ്ൾ ചേസ് വെള്ളിയാഴ്ചയും ജാവലിൻ ത്രോ ശനിയാഴ്ചയുമാണ് നടക്കുക.
ഗ്രാനഡയുടെ ആൻഡേഴ്സ്ൺ പീറ്റേഴ്സ്, ജർമനിയുടെ ജൂലിയൻ വെബർ, ചെക്ക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെച് എന്നിവർക്ക് പിറകിൽ നാലാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലെത്തിയത്. ഒളിമ്പിക്സിൽ ഇക്കുറി നീരജിനെ രണ്ടാമനാക്കി സ്വർണം നേടിയ പാകിസ്താൻ താരം അർശദ് നദീം ഡയമണ്ട് ലീഗ് സീസണിലെ ഒരു മത്സരത്തിലേ പങ്കെടുത്തുള്ളൂ.
ഫൈനലിൽ കടക്കാനുമായില്ല. പരിക്ക് അലട്ടുന്ന നീരജ് ഒളിമ്പിക്സിന് ശേഷം ലോസന്നെ ഡയമണ്ട് ലീഗിൽ ഇറങ്ങി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ നടന്ന ലോസന്നെ ഡയമണ്ട് ലീഗിൽ പങ്കെടുത്തില്ലെങ്കിലും ഫൈനലിൽ കടക്കാനുള്ള പോയന്റ് മുൻ പ്രകടനങ്ങളിലൂടെ നേടിയിരുന്നു.
90 മീറ്ററെന്ന സ്വപ്നദൂരവും സ്വർണവും ലക്ഷ്യമിട്ടാണ് നീരജ് എത്തിയിരിക്കുന്നത്. സാബ്‍ലെയെ സംബന്ധിച്ച് ഫൈനൽ യോഗ്യതതന്നെ മികച്ച അനുഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.