ന്യൂഡൽഹി: ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പുകൾക്കിടെ ഷൂട്ടർക്ക് ഇടതുതള്ള വിരൽ നഷ്ടമായി. എയർ പിസ്റ്റൾ സിലിണ്ടറിൽ കംപ്രസ്ഡ് എയർനിറക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ദേശീയ താരം പുഷ്പേന്ദർ കുമാറിനാണ് വിരൽ നഷ്ടപ്പെട്ടത്. ഇന്ത്യൻ എയർഫോഴ്‌സിലെ കോർപ്പറലായിരുന്ന പുഷ്പേന്ദർ കുമാർ. ഡൽഹിയിലെ തുഗ്ലക്കാബാദിലെ കർണി സിംഗ് റേഞ്ചിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ പുഷ്പേന്ദറിനെ ഇന്ത്യൻ ആർമിയുടെ ആർ.ആൻഡ്.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശസ്ത്രക്രിയയ്ക്കുശേഷം പുഷ്പേന്ദർ ഉടൻ സുഖം പ്രാപിക്കുമെന്നും അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുതെന്നും പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാന സിലിണ്ടറിൽ നിന്ന് പിസ്റ്റൾ സിലിണ്ടറിലേക്ക് കംപ്രസ് ചെയ്ത വായു നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നത്. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലക്കാരനാണ് പുഷ്പേന്ദർ, അന്താരാഷ്ട്ര തലത്തിൽ മത്സരിച്ചിട്ടില്ലെങ്കിലും ഐ.എ.എഫ് ടീമിലെ മുതിർന്ന അംഗമാണ്. ഭോപ്പാലിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു.
മീററ്റിൽ നിന്നുള്ള ഇന്റർനാഷണൽ റൈഫിൾ ഷൂട്ടർ രവി കുമാറും ഇന്ത്യൻ വ്യോമസേനയോടൊപ്പം ആർമി ആശുപത്രിയിൽ പുഷ്പേന്ദറിനെ പരിചരിക്കാനുണ്ടായിരുന്നു.
“എയർ പിസ്റ്റൾ സിലിണ്ടറുകൾ ഒരു നിശ്ചിത സമയത്തിന് ശേഷം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, തോക്ക് നിർമ്മാതാക്കൾ അത് സൗജന്യമായി ചെയ്യുന്നുമുണ്ട്. ഭാഗ്യവശാൽ, പുഷ്പേന്ദറിന്റെ ഷൂട്ടിംഗ് കൈ സുരക്ഷിതമാണ്. തന്റെ കരിയറിൽ ഇത്തരമൊരു സംഭവം താൻ നേരിട്ടിട്ടില്ല"- പരിശീലകൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.