ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സത്തിലെ ആദ്യ ദിനം മഴ കളിച്ചു. ആരാധകർ ഏറെ കാത്തിരുന്നു ബ്രിസ്ബെയ്നിലെ ഗാബ്ബ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആദ്യ സെഷൻ മുതൽ മഴ കളിച്ചപ്പോൾ 13 ഓവർ മാത്രമെ ആദ്യ ദിനം കളിക്കാൻ സാധിച്ചുള്ളൂ. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആസ്ട്രേലിയ 28 റൺസ് നേടിയിട്ടുണ്ട്.
നാല് റൺസുമായി നഥാൻ മക്സ്വീനിയും 19 റൺസുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിലുള്ളത്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റങ്ങിനയക്കുകയായിരുന്നു. ആദ്യ ദിനം 90 ശതമാനം മഴ കൊണ്ട് പോയതിനാൽ നാളത്തെ മത്സരം നേരത്തെ ആരംഭിക്കും. രാവിലെ 5.30ന് തുടങ്ങേണ്ട മത്സരം രണ്ടാം ദിനം രാവിലെ 5.20ന് തന്നെ ആരംഭിക്കും. 98 ഓവർ രണ്ടാം ദിനം എറിയും.
പരിക്കിൽ നിന്നും മുക്തനായ ജോഷ് ഹെയ്സൽവുഡ് ആസ്ട്രേലിയൻ നിരയിൽ തിരിച്ചെത്തിയപ്പോൾ രണ്ടാം ടെസ്റ്റിൽ കളിച്ച ബോളണ്ട് ടീമിൽ നിന്നും പുറത്തുപോയി. ഒരു മാറ്റം മാത്രമാണ് ആസ്ട്രേലിയൻ ടീമിലുള്ളത്.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. പേസ് ബൗളർ ഹർഷിത് റാണക്ക് പകരം മറ്റൊരു പേസർ ആകാശ് ദീപ് ടീമിലെത്തി. ആർ. അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. മൂന്ന് മത്സരത്തിലായി മൂന്ന് വ്യത്യസ്ത സ്പിന്നർമാരെയാണ് ഇന്ത്യ കളത്തിൽ ഇറക്കിയത്. ആദ്യ മത്സരത്തിൽ വാഷിങ്ടൺ സുന്ദർ കളിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അശ്വിനെത്തുകയായിരുന്നു. ഇപ്പോഴിതാ മൂന്നാം മത്സരത്തിൽ ജഡേജയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്കും ആസ്ട്രേലിയക്കും ഈ പരമ്പര നിർണായകമാണ്.
2021ൽ അവസാനമായി ഗാബ്ബയിൽ ഇരുവരും ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ആസ്ട്രേലിയയെ തകർത്ത് ഇന്ത്യ പരമ്പര വിജയം ആഘോഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.