ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനക്ക് പിന്നാലെ കരുത്തരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത ഒറ്റ ഗോളിന് പരാഗ്വെയാണ് അഞ്ചുതവണ ലോകചാമ്പ്യന്മാരായ മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത്. വിനീഷ്യസ് ജൂനിയറിനെയും എൻഡ്രികിനെയും റോഡ്രിഗോയെയും മുന്നേറ്റത്തിൽ അണിനിരത്തിയിറങ്ങിയ ബ്രസീൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ അവസരങ്ങളൊരുക്കുന്നതിൽ പരാഗ്വെ ഒപ്പത്തിനൊപ്പം നിൽക്കുകയും ഒറ്റഗോളിൽ വിജയം പിടിക്കുകയുമായിരുന്നു. 2008ന് ശേഷം ആദ്യമായാണ് ബ്രസീൽ പരാഗ്വെയോട് പരാജയപ്പെടുന്നത്.
മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിൽ പരാഗ്വെ ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ, പതിയെ ചെറിയ മുന്നേറ്റങ്ങളുമായി പിടിച്ചുനിന്നു. 20ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് അവർ ആദ്യ ഗോളും നേടി. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച ഡിയോഗോ ഗോമസ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. നാല് മിനിറ്റിനകം ബ്രസീൽ ഗോൾ തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോൾലൈൻ സേവിലൂടെ പരാഗ്വെ തടയിട്ടു. തുടർന്നും വിനീഷ്യസും റോഡ്രിഗോയും എൻഡ്രിക്കുമെല്ലാം പന്തുമായി പരാഗ്വെൻ ഹാഫിൽ വട്ടമിട്ട് നിരന്തരം ഭീഷണിയുയർത്തിയെങ്കിലും എതിർ പ്രതിരോധം വഴങ്ങിയില്ല. ഇതോടെ പരാഗ്വെയുടെ ഏക ഗോൾ ലീഡിൽ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങിയയുടൻ റോഡ്രിഗോക്ക് ഗോൾ തിരിച്ചടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. തുടർന്നും ബ്രസീൽ നിര എതിർഗോൾമുഖത്തേക്ക് ഇരമ്പിയാർത്തു. കൗണ്ടർ അറ്റാക്കുകളിലൂടെ പരാഗ്വെയും വിട്ടുകൊടുത്തില്ല. ഇതിനിടെ വിനീഷ്യസിന്റെ ഗോളെന്നുറച്ച ഷോട്ട് പരാഗ്വെ ഗോൾകീപ്പർ പറന്ന് തട്ടിയകറ്റി. അവസാന മിനിറ്റുകളിൽ ഹെൻഡ്രിക്സിന്റെ ശ്രമവും നിരാശയിലാണ് അവസാനിച്ചത്.
എട്ട് മത്സരങ്ങളിൽ 10 പോയന്റ് മാത്രമുള്ള ബ്രസീൽ പോയന്റ് ടേബിളിൽ അഞ്ചാമതാണ്. 18 പോയന്റുള്ള അർജന്റീന ഒന്നാമതുള്ളപ്പോൾ 16 പോയന്റുള്ള കൊളംബിയയാണ് തൊട്ടുപിറകിൽ. ഉറുഗ്വായ്, എക്വഡോർ ടീമുകളാണ് ബ്രസീലിന് മുന്നിലുള്ള മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.