പാരിസ്: സെൻ നദിക്കരയിൽ വിസ്മയ കാഴ്ചകളൊരുക്കി ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകൾ. ഒരു നൂറ്റാണ്ടിനു ശേഷമാണ് പാരിസിലേക്ക് ഒളിമ്പിക്സ് വീണ്ടുമെത്തിയത്.
ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് പാരിസ് നഗരം സാക്ഷിയായത്. 206 രാജ്യങ്ങളിൽ നിന്നുള്ള 10,500 കായികതാരങ്ങൾ 85 നൗകകളിലായി മാർച്ച് ഫാസ്റ്റിൽ അണി നിരക്കും. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും പ്രദേശങ്ങൾക്കും അരികിലൂടെയുമാണ് മാർച്ച് പാസ്റ്റ് കടന്നുപോകുന്നത്.
ഒളിമ്പിക് ദീപശിഖയെ സെൻ നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്‍റെ പതാകയുടെ നിറത്തിലുള്ള വർണകാഴ്ചയൊരുക്കിയാണ് സ്വീകരിച്ചത്. ഗ്രീസ് ടീമാണ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരന്നത്. രണ്ടാമതായി ഒളിമ്പിക്സ് അഭയാർഥി ടീമും സെൻ നദിയിലൂടെ ഒഴുകിയെത്തി. ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി സൂപ്പർ ഗായിക ലേഡി ഗാഗയും വേദിയിലെത്തി. നദിയുടെ ഓരോ പാലത്തിനരികിലും നൃത്ത പരിപാടികൾ അരങ്ങേറി.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാഷ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചാം തവണ ഒളിമ്പിക്സിനെത്തിയ ടേബ്ൾ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവുമാണ് ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തുന്നത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. പാരിസിന്റെ ചരിത്രസ്മാരകങ്ങളുടെ 12 നിശ്ചല ദൃശ്യങ്ങളും ശ്രദ്ധേയമായി. ഇന്ത്യ ശനിയാഴ്ച പുരുഷ ഹോക്കിയിലടക്കം മത്സരത്തിനിറങ്ങും. ബാഡ്മിന്റൺ പുരുഷ സിംഗിൾസ്, പുരുഷ ഡബ്ൾസ്, വനിത ഡബ്ൾസ് , ടേബ്ൾ ടെന്നിസ് പുരുഷ സിംഗിൾസ്, തുഴച്ചിൽ പുരുഷ സിംഗിൾ സ്കൾസ്, ഷൂട്ടിങ് മിക്സഡ് 10 മീറ്റർ എയർ റൈഫിൾ, പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾ, വനിത വിഭാഗം 10 മീറ്റർ എയർ റൈഫിൾ, ബോക്സിങ് വനിത 54 കിലോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ന്യൂഡൽഹി: ഒളിമ്പിക്സിൽ ബോക്‌സിങ് നിയന്ത്രിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി കബിലൻ സായ് അശോക്. ഇന്ത്യയുടെ മുൻ അന്താരാഷ്‌ട്ര ബോക്‌സറാണ് സായ് അശോക്. റഫറി ജഡ്ജായാണ് സായ് അശോക് കളി നിയന്ത്രിക്കുക.
ഒളിമ്പിക്‌സിൽ ബോക്സിങ്ങിൽ ഒഫിഷ്യലാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് 32കാരനായ സായ്. പുണെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബോക്‌സിങ് അഡ്മിനിസ്‌ട്രേറ്ററായ സായ്, വേൾഡ് മിലിട്ടറി ബോക്‌സിങ് കൗൺസിലിന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരൻകൂടിയാണ്. 2012ൽ ലണ്ടനിലാണ് അവസാനമായി ഇന്ത്യക്കാരൻ ഒളിമ്പിക്‌സ് നിയന്ത്രിച്ചത്.
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ അഞ്ച് മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ), അബ്ദുല്ല അബൂബക്കർ (ട്രിപ്ൾ ജംപ്), പി.ആർ. ശ്രീജേഷ് (ഹോക്കി), എച്ച്.എസ് പ്രണോയ് (ബാഡ്മിന്റൺ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്സിൽ മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക.
കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻറണിൽ പ്രണോയിയും ഫോമിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിന് മൊത്തത്തിലും മന്ത്രി വിജയാശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.