പാരിസ്: സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായ വേട്ടയാടലുകൾക്ക് വിധേയയായ അൽജീരിയൻ ബോക്സർ ഇമാനെ ഖെലിഫിന് പാരിസിൽ സ്വർണം. വനിതകളുടെ 66 കിലോഗ്രാം ബോക്സിങ്ങിൽ ചൈനയുടെ യാങ് ലിയുവിനെ പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്. ഒളിമ്പിക് ബോക്‌സിങ് സ്വർണം നേടുന്ന ആദ്യ അൽജീരിയൻ വനിതയാണ് ഇമാൻ.
പാരിസ് ഒളിമ്പിക്സിൽ ലിംഗ തർക്കത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു ഈ അൽജീരിയക്കാരി. പുരുഷ ക്രോമസോമുകളുണ്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ ലിംഗ പരിശോധനയിൽ ഇവരെ ആയോഗ്യയാക്കിരുന്നു. ലിംഗ യോഗ്യത പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായിരുന്നില്ല.
എന്നാൽ, ഐ.ബി.എ ഉത്തരവിട്ട ടെസ്റ്റുകളുടെ ഫലങ്ങൾ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) മത്സരിക്കാൻ അനുവദിക്കുകയായിരുന്നു. അപ്പീൽ നൽകിയെങ്കിലും പിന്നീട് പരാതി പിൻവലിച്ചതായി ഐ.ബി.എ അറിയിച്ചു.
അതേസമയം, പ്രാഥമിക റൗണ്ടിൽ ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കാരിനിയെ വെറും 46 സെക്കൻഡിൽ ഇടിച്ച് വീഴ്ത്തിയതിനെ തുടർന്ന് വീണ്ടും ഖലീഫ് ആഗോള ശ്രദ്ധ നേടിയിരുന്നു. ഇവർ പുരുഷനാണെന്ന് വാദിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ വേട്ടയാടലാണ് താരത്തിന് നേരിട്ടത്. എന്നാൽ, വിവാദങ്ങളെ ധീരയായി നേരിട്ട ഇമാനെ പാരിസിൽ സ്വർണം നേടി കൊണ്ടാണ് മടങ്ങുന്നത്.
ഫൈനലിൽ ചൈനയുടെ യാങ് ആദ്യ റൗണ്ട് ശക്തമായി തുടങ്ങിയെങ്കിലും ആദ്യ റൗണ്ടിൻ്റെ അവസാനത്തിൽ ശക്തമായി തിരിച്ചടിച്ച് ഇമാനെ ജയിച്ചുകയറി. രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും അൽജീരിയൻ താരത്തിന് കാര്യങ്ങൾ നിസാരമായിരുന്നു. കാര്യമായ ചെറുത്തുനിൽപ്പുകളില്ലാതെ യാങ് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.