ഡ്രോമാറ്റിക് തോൽവി; അർജന്റീനയുടെ സമനില ഗോൾ ​നിഷേധിച്ചു; നാടകീയതക്കൊടുവിൽ ​മൊറോക്കോക്ക് ജയം (2-1)

പാരിസ്: ഗോളിയും മുന്നേറ്റനിരയും ഒരേതാളത്തിൽ നിറഞ്ഞാടിയ ആവേശപ്പോരിൽ ​ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് ആ​ഫ്രിക്കൻ സിംഹങ്ങൾ. ഒന്നിനെതിരെ രണ്ടു ഗോൾ നേടിയാണ് ലോകകപ്പിലെ കറുത്ത കുതിരകൾ തുടർച്ചയായി ലോകകപ്പും കോപ അമേരിക്ക കപ്പും ജയിച്ചെത്തിയ ലാറ്റിൻ അമേരിക്കൻ കരുത്തരെ ഉദ്ഘാടന മത്സരത്തിൽ തകർത്തുവിട്ടത്.

അവസാനമിനിറ്റുകളിൽ അർജന്റീന നേടിയ രണ്ടാംഗോളിൽ മത്സരം സമനിലയിലായെന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് ‘വാർ’ പരിശോധനയിൽ ഗോൾ ​നിഷേധിക്കുകയുമായിരുന്നു. മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രം അധികമായി അവസരമുള്ള അണ്ടർ 23 ടീമുകൾ മാറ്റുരച്ച ഒളിമ്പിക് പോരാട്ടത്തിൽ തുടക്കം മുതൽ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. മൈതാനം ഭരിക്കുന്നതിലുപരി ഗോൾമുഖം തുറക്കാൻ മൊറോക്കോയും ആദ്യവസാനം പന്തിന്റെ നിയന്ത്രണം നിലനിർത്താൻ അർജന്റീനയും മത്സരിച്ചപ്പോൾ ഗോൾ പിറക്കാൻ ആദ്യ ​പകുതിയുടെ അവസാനംവരെ കാത്തുനിൽപ് തുടർന്നു. മനോഹരമായ നീക്കത്തിനൊടുവിൽ മൊറോക്കോയുടെ അഖോമാഷ് നൽകിയ ബാക്ഹീൽ പാസ് പിടിച്ചെടുത്ത അസൂസി പോസ്റ്റിനു മുന്നിൽ കാത്തുനിന്ന സുഫിയാൻ റഹീമിയെ കണക്കാക്കി പായിച്ച ക്രോസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച പാരിസ് മൈതാനത്തെ സാക്ഷി നിർത്തി രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊറോക്കോ വീണ്ടും വലകുലുക്കി. ഇത്തവണ പെനാൽറ്റി ബോക്സിൽ മൊറോക്കോ താരത്തെ കൈവെച്ചുവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ലീഡ് ഉയർന്നത്. കിക്കെടുത്ത സുഫ്യാൻ റഹീമി പായിച്ച ഗ്രൗണ്ടർ ഗോളിയെ കീഴടക്കി വലയിൽ.

ഇതോടെ, ആക്രമണം കനപ്പിച്ച അർജന്റീനയുടെതായിരുന്നു പിന്നീട് ഊഴം. 68ാം മിനിറ്റിൽ സിമോൺ വക ടീം ഒരു ഗോൾ മടക്കി. പിന്നീടും പലവട്ടം മൊറോക്കോ ഗോൾമുഖം വിറ​ച്ചപ്പോഴൊക്കെയും നീട്ടിപ്പിടിച്ച ചോരാകൈകളുമായി ഗോളി​ രക്ഷകനായി. 15 മിനിറ്റ് നീണ്ട ഇഞ്ച്വറി സമയം അവസാനിക്കാനിരിക്കെയായിരുന്നു ആവേശം പരകോടിയിലെത്തിച്ച് അർജന്റീനയുടെ രണ്ടാം ‘ഗോൾ’. രണ്ടുവട്ടം ക്രോസ്ബാറും ഒരുവട്ടം ഗോളിയുടെ കൈകളും സുരക്ഷിതമാക്കിയിട്ടും തീരുമാനിച്ചുറച്ച അർജന്റീനക്കായി മെഡീന പന്ത് വലയിലെത്തിക്കുകയായിരുന്നു. അർഹിച്ച ജയം നിഷേധിക്കപ്പെട്ടെന്ന ആധിയുമായി ​മൊറോക്കോ ആരാധകർ മൈതാനം കൈയേറി. അതിനിടെ, ‘വാർ’ പരിശോധനയിൽ ഓഫ്സൈഡ് തെളിഞ്ഞ് ഗോൾ നിഷേധിക്കപ്പെട്ടെങ്കിലും കളി പുനരാരംഭിക്കാൻ വൈകി. ഏറെ വൈകി അടച്ചിട്ട മൈതാനത്ത് മൂന്നു മിനിറ്റ് കൂടി കളി അനുവദിച്ച് മൊറോക്കോ ജയം ഉറപ്പാക്കി അവസാന വിസിൽ മുഴങ്ങുകയായിരുന്നു.

Tags:    
News Summary - Argentina 2-2 Morocco - Olympic football: Cristian Medina scores 106TH-MINUTE equaliser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.