ബെയ്ജിങ്: പാരീസ് ഒളിമ്പിക്‌സിലെ വനിതാ സിംഗിൾസ് ടേബിൾ ടെന്നീസ് ഫൈനലിന് പിന്നാലെ അത്‌ലറ്റുകളെയും പരിശീലകരെയും കുറിച്ച് ഓൺലൈനിൽ അപകീർത്തികരമായ കമൻ്റുകൾ ചെയ്ത യുവതിയെ ബെയ്ജിങ് പൊലീസ് അറസ്റ്റ് ചെയ്തു. 29കാരിയെയാണ് അറസ്റ്റ് ചെയ്തത്. ഏത് കായികതാരങ്ങളെയും പരിശീലകരെയുമാണ് ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പാരീസിൽ നടന്ന വനിതാ സിംഗിൾസ് ടേബിൾ ടെന്നീസ് ഫൈനലിന് പിന്നാലെയാണ് അറസ്റ്റ്. ചൈനീസ് താരങ്ങൾ ഏറ്റുമുട്ടിയ മത്സരത്തിൽ സൺ യിംഗ്ഷയ്‌ക്കെതിരെ ചെൻ മെംഗ് സ്വർണം നേടിയിരുന്നു. മത്സരത്തിനിടെ കാണികളിൽ നിന്ന് സണ്ണിന് ഏറെ പ്രോത്സാഹനം ലഭിച്ചപ്പോൾ ചെൻ അധിക്ഷേപത്തിനിരയായ സംഭവമുണ്ടായിരുന്നു.
കളി കഴിഞ്ഞതിന് പിന്നാലെ കാണികളുടെ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ചൈനയിലെ എക്‌സ് പോലുള്ള ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോ, 12,000-ലധികം പോസ്റ്റുകൾ നീക്കിയതായും 300-ലധികം അക്കൗണ്ടുകൾ പൂട്ടിയതായും പൊലീസ് പറഞ്ഞു. അധിക്ഷേപങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.