പാരിസ്: പാരിസ് ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഹോക്കി വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനിനെ തകർത്താണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ആദ്യം 1-0ന് പിന്നിലായശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇരു ഗോളുകളും കണ്ടെത്തിയത്. ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്‍റെ മികവാർന്ന പ്രകടനവും ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായകമായി. പാരിസിൽ ഇന്ത്യയുടെ നാലാം മെഡലാണിത്.
18–ാം മിനിറ്റിൽ പെനൽറ്റി സ്ട്രോക്കിൽനിന്ന് മാര്‍ക് മിറാലസ് നേടിയ ഗോൾ സ്പെയിനിനെ ആദ്യം മുന്നിലെത്തിച്ചു. അമിത് രോഹിദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയായിരുന്നു നടപടി. സ്പെയിന്റെ നീക്കം തടയാൻ ഗോളി പി.ആർ. ശ്രീജേഷിനു സാധിച്ചില്ല. 30–ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. പെനൽറ്റി കോർണറിൽനിന്നാണ് നായകൻ ഇന്ത്യയുടെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 33-ാം മിനിറ്റിൽ വീണ്ടും സ്കോർ ചെയ്ത ഹർമൻപ്രീത് ഇന്ത്യക്ക് ലീഡ് നൽകി. മൂന്നാം ക്വാർട്ടർ 2-1 എന്ന നിലയിൽ അവസാനിച്ചു.
അവസാന ക്വാർട്ടറിൽ പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ത്യയുടെ കളി. ഗോൾ രഹിതമായി ക്വാർട്ടർ അവസാനിച്ചതോടെ ഇന്ത്യ വിജയം സ്വന്തമാക്കി. മലയാളിയായ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇന്നത്തേത്. ഇന്ത്യൻ സീനിയർ ടീമിനൊപ്പം 335–ാമത്തെ മത്സരമാണ് ശ്രീജേഷ് ഇന്നു പൂർത്തിയാക്കിയത്.
സെമിയിൽ കരുത്തരായ ജർമനിയോടു 2–3നു തോറ്റതോടെയാണ് ഇന്ത്യ വെങ്കല മെഡലിനായുള്ള മത്സരത്തിനിറങ്ങിയത്. ഒളിമ്പിക് ഹോക്കിയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ വെങ്കലപ്പോരാട്ടത്തിനിറങ്ങിയത്. കഴിഞ്ഞ തവണ ടോക്ക്യോയിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. 40 വർഷത്തെ ഇടവേളക്കു ശേഷമാണ് അത്തവണ ഇന്ത്യ ഒളിമ്പിക് മെഡൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.