പാരിസ്: ഒളിമ്പിക്സിൽ ആസ്ട്രേലിയക്കെതിരെ അരനൂറ്റാണ്ടിന് ശേഷം നേടിയ വിജയത്തിന്റെ ആവേശം മാറും മുമ്പേ ഇന്ത്യൻ ഹോക്കി ടീം ഇന്ന് ക്വാർട്ടർ ഫൈനലിന്. കഴിഞ്ഞ തവണ ടോക്യോയിൽ സ്വന്തമാക്കിയ വെങ്കലം സ്വർണമാക്കാൻ കൊതിക്കുന്ന ഹർമൻപ്രീത് സിങ്ങിനും സംഘത്തിനും ബ്രിട്ടനാണ് ക്വാർട്ടറിലെ എതിരാളികൾ.
പൂൾ ബിയിൽ അഞ്ചിൽ മൂന്ന് ജയവും ഓരോ തോൽവിയും സമനിലയുമായി 10 പോയന്റ് നേടി രണ്ടാം സ്ഥാനക്കാരായി കടന്ന ലോക രണ്ടാം റാങ്കുകാർക്കെതിരെ ഇന്ത്യ ശുഭപ്രതീക്ഷയിലാണ്.
മികച്ച ഫോം തുടർന്ന് ഇതുവരെ ആറ് ഗോൾ നേടിയ ക്യാപ്റ്റനും ഡിഫൻഡറുമായ ഹർമൻപ്രീതാണ് ഇന്ത്യയുടെ പ്രധാന ആയുധം. മധ്യനിരയും മുന്നേറ്റനിരയും തമ്മിൽ ഒത്തിണക്കത്തോടെ കളിച്ചതാണ് ആസ്ട്രേലിയക്കെതിരായ ജയത്തിന് പിന്നിൽ.
മൻപ്രീത് സിങ്, ഹാർദിക് സിങ്, ഗുർജന്ത് സിങ്, സുഖ്ജീത് സിങ്, അഭിഷേക് എന്നിവർ ഈ ചുമതലകളിൽ അവസരത്തിനൊത്തുയർന്നാൽ ഇന്ത്യക്ക് ബാലികേറാമലയാവില്ല ബ്രിട്ടൻ. ഡിഫൻസിൽ നായകനൊപ്പം അമിത് രോഹിദാസും ജർമൻപ്രീത് സിങ്ങും വിശ്വാസം കാക്കുന്നുണ്ട്. ഗോൾവലയിലെ കാവൽക്കാരൻ പി.ആർ. ശ്രീജേഷും തകർപ്പൻ ഫോമിലാണ്.
ന്യൂസിലൻഡിനെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നാലെ അർജന്റീനയോട് സമനില വഴങ്ങിയെങ്കിലും അയർലൻഡിനെ തകർത്ത് ഇന്ത്യ അവസാന എട്ടിൽ സ്ഥാനമുറപ്പാക്കി. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് മികച്ച പ്രകടനം പുറത്തെടുത്തശേഷം പിറകിൽപോവുകയായിരുന്നു.
ടോക്യോയിലെ വെള്ളി മെഡലുകാർ കൂടിയായ ആസ്ട്രേലിയ ഒളിമ്പിക്സിലെ സ്വർണ ഫേവറിറ്റുകളാണ്. ഇവരെ തോൽപിക്കുകയും പൂളിൽ ഒമ്പത് പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു ഇന്ത്യ. ബെൽജിയം ആണ് പൂൾ ചാമ്പ്യന്മാർ. പൂൾ എയിൽ ജർമനിക്കും (12) നെതർലൻഡ്സിനും (10) പിറകിൽ മൂന്നാമതായാണ് ബ്രിട്ടൻ (8) കടന്നത്. മറ്റു ക്വാർട്ടർ മത്സരങ്ങളും ഇന്ന് നടക്കും. നെതർലൻഡ്സിനെ ആസ്ട്രേലിയയും അർജന്റീനയെ ജർമനിയും ബെൽജിയത്തെ സ്പെയിനും നേരിടും.
വിരമിക്കൽ ഒളിമ്പിക്സ് കളിക്കുന്ന ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനൊരു സ്വപ്നമുണ്ട്. കഴിഞ്ഞ തവണ ടോക്യോയിൽ നേടിയ വെങ്കലത്തേക്കാൾ തിളക്കമുള്ളൊരു മെഡൽ. അത് വെള്ളിയോ വെങ്കലമോ ആക്കി ഉയർത്താനാണ് ഇന്ത്യൻ ടീം പാരിസിലെത്തിയിരിക്കുന്നത്. ശ്രീക്ക് വേണ്ടി മെഡൽ നേടുമെന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനോട് ഇന്ത്യ പരാജയപ്പെട്ടാൽ ഇന്നത്തേത് ശ്രീജേഷിന്റെ അവസാന അന്താരാഷ്ട്ര മത്സരമാവാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.