‘ജൂലിയൻ ആൽഫ്രഡ്, ഒളിമ്പിക് ചാമ്പ്യൻ’; വനിത 100 മീറ്റർ സ്വർണത്തിന് പുതിയ അവകാശി

പാരിസ്: ‘‘ഇന്ന് രാവിലെ ഞാൻ ഉണർന്നു, ‘ജൂലിയൻ ആൽഫ്രഡ്, ഒളിമ്പിക് ചാമ്പ്യൻ’ എന്ന് എഴുതി. സ്വയം വിശ്വസിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സെന്റ് ലൂസിയയിൽ നിന്നുള്ള ആളായിരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് അർഥമാക്കുന്നുണ്ട്.

ഇൻഡോർ മീറ്റിലും ഞാനത് ചെയ്തു. സെന്റ് ലൂസിയക്കാർ ശ്രദ്ധാകേന്ദ്രങ്ങളാവുമെന്ന് എനിക്കറിയാമായിരുന്നു. അവർ വീട്ടിൽ തിരിച്ചെത്തി ആഘോഷിക്കുകയാണെന്ന് എനിക്കറിയാം.’’ -വനിത 100 മീറ്റർ സ്വർണപ്പതക്കമണിഞ്ഞ് സെന്റ് ലൂസിയൻ സ്പ്രിന്റർ ജൂലിയൻ ആൽഫ്രഡ് പ്രതികരിച്ചത് ഇങ്ങനെ. ഫൈനലിൽ 10.72 സെക്കൻഡിലാണ് 23കാരി ഫിനിഷ് ചെയ്തത്.

സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ച ലോകജേതാവ് യു.എസിന്റെ ഷാകാരി റിച്ചാര്‍ഡ്സണ്‍ (10.87) രണ്ടാമതെത്തി വെള്ളിയിലൊതുങ്ങി. യു.എസിലെ തന്നെ മെലീസ ജെഫേഴ്സണ്‍ (10.92) മൂന്നാമതെത്തി വെങ്കലം സ്വന്തമാക്കി.

കരീബിയൻ ദ്വീപ് രാജ്യമായ സെന്റ് ലൂസിയ ഒളിമ്പിക്സിൽ നേടുന്ന ആദ്യമെഡലാണിത്. അവരുടെ ദേശീയ റെക്കോഡും ജൂലിയൻ തകർത്തു. രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ ജമൈക്കന്‍ സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസര്‍ സെമി ഫൈനലില്‍ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു.

Tags:    
News Summary - Julien Alfred stormed to the women's 100m title at Paris 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.