പാരിസ്: പാരിസ് ഒളിമ്പിക്സിൽ ചരിത്രം സൃഷ്ടിച്ച താരമാണ് ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ. രണ്ട് വെങ്കല മെഡൽ നേടിയ താരം ഇന്ത്യയുടെ അഭിമാനമായി തീർന്നിരുന്നു. ഒരു ഒളിമ്പിക്സ് എഡിഷനിൽ ആദ്യമായാണ് ഒരു വനിത താരം ഇന്ത്യക്കായി രണ്ട് മെഡൽ സ്വന്തമാക്കുന്നത്.
എന്നാൽ ഇന്ത്യ വെങ്കലത്തിൽ മാത്രം ഒതുങ്ങരുതെന്ന് പറയുകയാണ് താരമിപ്പോൾ. അടുത്ത തവണ വരുമ്പോൾ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും മനു ഭാകർ പറഞ്ഞു 'ഒളിമ്പിക് ഖേൽ' ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇന്‍റർവ്യൂവിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
'പാരിസിൽ വന്നത് മികച്ച ഒരു അനുഭവമായിരുന്നു. മെഡൽ നേടാൻ ഞാനും എന്‍റെ ടീമും ഒരുപാട് അധ്വാനിച്ചിട്ടുണ്ട് അതിനാലാണ് എനിക്കിത് ലഭിച്ചത്, അതിലെനിക്ക് അഭിമാനമുണ്ട്. ഇന്ത്യ വെങ്കലത്തിൽ മാത്രം ഒതുങ്ങരുത്. അടുത്ത ഒളിമ്പിക്സിന് വരുമ്പോൾ ഞാൻ എന്‍റെ മികവ് മെച്ചപ്പെടും. എന്‍റെയുള്ളിലെ എല്ലാം നൽകികൊണ്ട് ഞാൻ നന്നായി പരിശ്രമിക്കും,' മനു ഭാകർ പറഞ്ഞു.
സ്ത്രീകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇവന്‍റിലാണ് മനു ആദ്യ മെഡൽ സ്വന്തമാക്കിയത്. രണ്ടാം തവണ സരബ്ജോത് സിങ്ങുമായി 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം ഇവന്‍റിലും മനു വെങ്കലം നേടുകയായിരുന്നു. തന്‍റെ ഒളിമ്പിക് ക്യാമ്പെയ്ൻ കഴിഞ്ഞ് കുറച്ചുനാൾ വിശ്രമിച്ചതിന് ശേഷം വലിയ ടൂർണമെന്‍റുകൾക്ക് വേണ്ടി തയ്യാറെടുക്കുമെന്നും മനു ഭാകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.